മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡനം

ശനി, 20 ഏപ്രില്‍ 2013 (15:19 IST)
PRO
PRO
പട്ടികജാതിയില്‍പ്പെട്ട യുവതിയെ മൊബൈല്‍ ഫോണ്‍ വാങ്ങിതരാമെന്ന്‌ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പത്ത് പേരെ പുനലൂര്‍ ഡിവൈഎസ്‌പിയും സംഘവും അറസ്റ്റുചെയ്തു. കരവാളൂര്‍ സ്വദേശിനിയായ ഇരുപതുകാരിയാണ്‌ പീഡനത്തിനിരയായത്‌. സംഭവത്തില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച അഞ്ചലില്‍ വാടകക്ക്‌ താമസിക്കുന്ന മാളുവെന്ന ലക്ഷ്മി, ചക്കുവരയ്ക്കല്‍ പ്ലാവില മേലതില്‍ അജയകുമാര്‍(30), അഞ്ചല്‍ ജിജോ ഭവനില്‍ ജോജോ (21), സഹോദരന്‍ ജിജോ (25), ഇട്ടിവ വയ്യാനം സക്കീര്‍ ഹുസൈന്‍ (25), വയ്യാനം പാലമണ്‍ സിയാദ്‌ (28), കൊല്ലം കാവനാട്‌ രാമന്‍കുളങ്ങര ജയന്തി കോളനിയില്‍ സാബു (28), തേവന്നൂര്‍ അമ്പലമുക്ക്‌ മിനി വിലാസത്തില്‍ വിനീത്‌ (24) തേവന്നൂര്‍ ചെറുവയ്ക്കല്‍ പാലമുക്കില്‍ അനു നിവാസില്‍ അനു (25) എന്നിവരാണ്‌ അറസ്റ്റിലായത്‌.

കേസില്‍ ഉള്‍പ്പെട്ട മാവിള സ്വദേശി ഷിബു ഒളിവിലാണ്‌. മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കാമെന്ന്‌ പറഞ്ഞ്‌ ഇടനിലക്കാരിയായ ലക്ഷ്മി യുവതിയുമായി അടുപ്പത്തിലാവുകയായിരുന്നു. തുടര്‍ന്ന്‌ യുവതിയെ ഏരൂര്‍ എണ്ണപ്പന തോട്ടത്തിലെത്തിച്ച്‌ ഷിബു സുഹൃത്തുക്കളോടൊപ്പം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. രണ്ട്‌ ദിവസം കൊല്ലം, പുനലൂര്‍, വയ്യാനം തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച്‌ യുവതിയെ പീഡിപ്പിച്ചു.

ഇതേ തുടര്‍ന്ന്‌ പുനലൂര്‍ പൊലീസ്‌ സ്റ്റേഷനില്‍ മാതാവിനോടൊപ്പമെത്തി യുവതി പരാതി നല്‍കുകയാണ്‌ ഉണ്ടായത്‌. തുടര്‍ന്ന്‌ ഡിവൈഎസ്‌പികെ എല്‍ ജോണ്‍കുട്ടി, സിഐ ആര്‍ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം വിവിധ സ്ഥലങ്ങളില്‍ നിന്ന്‌ പ്രതികളെ കസ്റ്റഡിയിലെടുത്തു. യുവതിയെ വൈദ്യപരിശോധനക്ക്‌ വിധേയമാക്കിയശേഷം കോടതിയില്‍ ഹാജരാക്കി മാതാവിനോടൊപ്പം വിട്ടയച്ചു.

വെബ്ദുനിയ വായിക്കുക