തിരുവനന്തപുരം മേയര്‍ കെ ചന്ദ്രികയ്ക്കു നേരെ ചെരുപ്പേറ്. നഗരസഭയുടെ ബജറ്റു ചര്‍ച്ചയ്ക്കിടെയാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചെരുപ്പേറും വെള്ളം കോരിയെറിയലും നടത്തിയത്. ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പുഷ്പലത പ്രസംഗിക്കുന്നതിനിടെയാണു സംഭവങ്ങള്‍ അരങ്ങേറിയത്.
പ്രതിഷേധത്തിനിടെ നടുത്തളത്തിലിറങ്ങിയ കഴക്കൂട്ടം കൗണ്‍സിലര്‍ ആര്‍ ശ്രീരേഖയാണു മേയര്‍ക്കു നേരെ ചെരുപ്പെറിഞ്ഞത്. തൊട്ടുപിന്നാലെ കിണവൂര്‍ കൗണ്‍സിലര്‍ സി സരസമ്മ മേശപ്പുറത്തു വച്ചിരുന്ന ഗ്ലാസിലെ വെള്ളം കോരി മേയര്‍ക്കു നേരെ ഒഴിച്ചു.
സ്റ്റാച്യുവിലുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാത്തതിനാല്‍ ഇവിടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി തമ്പാനൂര്‍ കൗണ്‍സിലര്‍ ആര്‍ ഹരികുമാറിന്റെ പരാമര്‍ശത്തിനു പുഷ്പലത മറുപടി പറയുന്നതിനിടെയാണു പ്രതിപക്ഷം രംഗത്തെത്തിയത്.
പൊലീസിന്റെയും ആഭ്യന്തരമന്ത്രിയുടെയും മൂക്കിനു താഴെയാണ് ഈ ഓഫീസെന്നും ഇവിടെ അനാശാസ്യം നടക്കുന്നെങ്കില്‍ അവരോടാണു പരാതിപ്പെടേണ്ടതെന്നുമുള്ള പുഷ്പലതയുടെ മറുപടിയാണു പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.