പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യം?; മെട്രോ വിഷയത്തില്‍ കുമ്മനത്തെ പൊളിച്ചടുക്കി കടകംപള്ളി സുരേന്ദ്രൻ

വ്യാഴം, 15 ജൂണ്‍ 2017 (19:46 IST)
കൊച്ചി മെട്രോയുടെ ഉദ്ഘാടന ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തിയ പ്രസ്താവന അൽപ്പത്തരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്‌ബുക്കില്‍.

മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് വീണ്ടും അഭ്യർഥിച്ചതിനെ തുടര്‍ന്നാണ്‌ പ്രതിപക്ഷ നേതാവിനെയും ഇ ശ്രീധരനെയും മെട്രോ ഉദ്ഘാടന വേദിയില്‍ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തയാറായതെന്നും മന്ത്രി പോസ്‌റ്റിലൂടെ വ്യക്തമാക്കി.

കടകംപള്ളി സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

കുമ്മനത്തിന്‍റേത് അല്‍പ്പത്തരം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വീണ്ടും അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ്‌ പ്രതിപക്ഷ നേതാവിനെയും, ഇ.ശ്രീധരനെയും മെട്രോ ഉദ്ഘാടന വേദിയില്‍ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായത്. എന്നാല്‍ വളഞ്ഞ വഴിയില്‍ ഇക്കാര്യം തന്‍റെ നേട്ടമാണെന്ന തരത്തില്‍ കുമ്മനം വാര്‍ത്താസമ്മേളനം നടത്തിയത് അല്‍പ്പത്തരമാണ്.

പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യം? കുമ്മനം ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്നും ഇ ശ്രീധരനെയും രമേശ്‌ ചെന്നിത്തലയെയും ആദ്യം ഒഴിവാക്കിയതിന് പിന്നില്‍ കുമ്മനത്തിന് പങ്ക് ഉണ്ടായിരുന്നുവെന്നാണോ?

പിണറായി സര്‍ക്കാരിന്‍റെ ഇടപെടലും കേരളത്തിന്‍റെ പൊതുവികാരവുമാണ് തെറ്റ് തിരുത്താന്‍ പ്രേരണയായത് എന്നതില്‍ ഗീബല്‍സിന്‍റെ പിന്‍മുറക്കാര്‍ക്ക് ഒഴികെ മറ്റാര്‍ക്കും സംശയമുണ്ടാകില്ല.

വെബ്ദുനിയ വായിക്കുക