ജസ്റ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റിയുടെ ഫീസ് നിര്‍ണ്ണയം വസ്തുതകളുടെ അടിസ്ഥാനത്തിലല്ലെന്ന് സഹകരണ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 35 മുതല്‍ 40 കോടി രൂപയാണ് സ്വകാര്യ മേഖല ഫീസിനത്തില്‍ വാങ്ങുന്നത്. സഹകരണ മേഖലയില്‍ അഞ്ചേകാല്‍ കോടി മാത്രമേ കിട്ടുന്നുള്ളൂ. ഈ വ്യത്യാസം പരിഹരിക്കാനുള്ള പാക്കേജ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് തീരുമാനിച്ചിരുന്നു.
എന്നാല്‍ ഹൈക്കോടതി വിധി വന്നതിനെത്തുടര്‍ന്ന് ആ പാക്കേജ് നടപ്പാക്കാതെ മാറ്റി വച്ചിരിക്കുകയാണ്. വസ്തു നിഷ്ടമായി കണക്കാക്കി ലാഭവും നഷ്ടവും കണക്കാക്കാന്‍ മുഹമ്മദ് കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സഹകരണ വകുപ്പിന്‍റെ അഭിപ്രായം. എന്നാല്‍ ഇത് കണക്കാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
ആ ശ്രമം വിജയിക്കുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കൊച്ചി സഹകരണ മെഡിക്കല്‍ കോളജടക്കം എല്ലാ പ്രഫഷണല്‍ സഹകരണ കോളജുകളും ലാഭവും നഷ്ടവുമില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.