മുല്ലപ്പെരിയാര്‍: ഉന്നതാധികാര സമിതിയുടെ ചര്‍ച്ച 15ന്

ബുധന്‍, 25 ജനുവരി 2012 (16:10 IST)
PRO
PRO
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഫെബ്രുവരി 15ന് തുടര്‍ചര്‍ച്ച നടത്തും. കോടതിയില്‍ സമര്‍പ്പിക്കാനുള്ള അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുന്നോടിയായാണ് ചര്‍ച്ച നടത്തുന്നത്.

റിപ്പോര്‍ട്ടിനായുള്ള മുക്കാല്‍ഭാഗം ചര്‍ച്ചകളും പൂര്‍ത്തിയായതായി സമിതിയിലെ കേരളത്തിന്റെ പ്രതിനിധി ജസ്റ്റീസ്‌ കെ ടി തോമസ്‌ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടുകളെല്ലാം പരിഗണിച്ചതിന് ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട്‌ തയാറാക്കുക. ഭൂകമ്പസാധ്യത സംബന്ധിച്ച്‌ റൂര്‍ക്കി ഐ ഐ ടിയുടെ പഠന റിപ്പോര്‍ട്ട്‌ മാത്രമാണ്‌ ലഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, അണക്കെട്ടില്‍ നടത്തിയ പരിശോധനയില്‍ സൂര്‍ക്കി മിശ്രിതം കണ്ടെത്താനായിട്ടില്ലെന്ന കാര്യം കേരളം കത്തിലൂടെ ഉന്നതാധികാര സമിതിയെ അറിയിക്കുമെന്നാണ് സൂചന. ഉന്നതാധികാര സമിതിയുടെ കാലാവധി അവസാനിക്കുന്നതിനു മുന്‍പ്‌ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം. അതിനുമുമ്പ്‌ കോര്‍ ഡ്രില്ലിംഗിന്റെ ഫലം ഉന്നതാധികാരസമിതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തിന് തിരിച്ചടിയാകും.

വെബ്ദുനിയ വായിക്കുക