മുല്ലപ്പെരിയാര്‍: ഇനിയൊരു പഠനം വേണ്ടെന്ന് കേരളം

വെള്ളി, 31 ജൂലൈ 2009 (16:53 IST)
PRO
PRO
മുല്ലപ്പെരിയാറില്‍ ഇനിയൊരു പഠനത്തിന്‍റെ ആവശ്യമില്ലെന്ന് കേരളം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന സെക്രട്ടറിതല ചര്‍ച്ചയിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്ന കേരളത്തിന്‍റെ നിര്‍ദ്ദേശം യുക്തിസഹമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞു. ഡാമിന്‍റെ ബലക്ഷയത്തെപ്പറ്റി പഠിക്കാന്‍ പുതിയ സംഘത്തെ അയയ്ക്കാമെന്നും അറിയിച്ചു.

എന്നാല്‍, ഈ നിര്‍ദ്ദേശം കേരളം തള്ളി. തകര്‍ച്ചയുടെ വക്കിലാണ് അണക്കെട്ട്. ബലക്ഷയത്തെപ്പറ്റി മുല്ലപ്പെരിയാറില്‍ ഇനി ഒരു പഠനവും ആവശ്യമില്ലെന്ന് കേരളം അസന്ദിഗ്ധമായി കേന്ദ്രത്തെ അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര ജല കമ്മീഷന്‍ പുതിയ സംഘത്തെ അയക്കാമെന്ന നിര്‍ദ്ദേശത്തെയും കേരളം എതിര്‍ത്തു.

കേന്ദ്ര ജലവിഭവ വകുപ്പ്‌ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജലവിഭവ സെക്രട്ടറിമാര്‍ പങ്കെടുത്തു‌. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്‍റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു സെക്രട്ടറിതല ചര്‍ച്ച നടത്തിയത്‌.

ചര്‍ച്ചകളില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയും ജലവിഭവ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ ജയകുമാറാണ്‌ പങ്കെടുത്തത്‌. മുല്ലപ്പെരിയാര്‍ സ്പെഷ്യല്‍ സെല്‍ ചെയര്‍മാന്‍ എം കെ പരമേശ്വരന്‍ നായര്‍, റിട്ടയേര്‍ഡ്‌ ചീഫ്‌ എഞ്ചിനീയര്‍ എം ശശിധരന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക