മുന്നണി ഭരണം നാശത്തിലേക്ക്: പിള്ള

വ്യാഴം, 26 ജൂലൈ 2012 (11:20 IST)
PRO
PRO
പാര്‍ട്ടിയുടെ സഹായത്തോടെ എംഎല്‍എയും മന്ത്രിയുമായ ഗണേശ്കുമാറിന് നല്ല വകുപ്പ്‌ വാങ്ങി നല്‍കിയതു താനാണെന്ന് കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള. എന്നാല്‍ കഴിഞ്ഞ പതിനാല് മാസമായി മന്ത്രിയെ കാണുന്നില്ല. മന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുറിയില്‍നിന്ന് പുറത്തിറങ്ങുന്നില്ലെന്നാണു കേള്‍ക്കുന്നതെന്നും പിള്ള പരിഹസിച്ചു.

പാര്‍ട്ടി ചെയര്‍മാനെ തെറിപറയുകയും പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു പ്രവര്‍ത്തകരെ പുറംകാല്‍കൊണ്ടു തള്ളുകയും ചെയ്‌ത മന്ത്രിയെ താലോലിക്കുന്ന മുഖ്യമന്ത്രിയുടെ നയം തെറ്റാണെന്നും പിള്ള കുറ്റപ്പെടുത്തി. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഗണേശ്കുമാറിന്റെയും അതു പ്രോല്‍സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെയും പെരുമാറ്റം ഉള്ളപ്പോള്‍ പുതിയൊരു പെരുമാറ്റച്ചട്ടത്തിന്റെ ആവശ്യം മന്ത്രിസഭയ്ക്കില്ല. ഈ പെരുമാറ്റച്ചട്ടം അംഗീകരിച്ചാല്‍ മതിയെന്നും പിള്ള പറഞ്ഞു.

ഇത്തരം നീക്കം കോണ്‍ഗ്രസ്‌ മന്ത്രി നടത്തിയാല്‍ അംഗീകരിക്കുമോ എന്ന്‌ ഉമ്മന്‍ചാണ്ടിയും രമേശ്‌ചെന്നിത്തലയും വ്യക്‌തമാക്കണം. അധികാരത്തിലേറ്റിയ ജനങ്ങളെ എതിരാക്കിയ സര്‍ക്കാരാണു സംസ്ഥാനം ഭരിക്കുന്നത്‌. പല സംഘടനകളും സര്‍ക്കാരിനെതിരെ കോടതിയില്‍ പോകുന്നു. മുന്നണിഭരണം നാശത്തിലേക്കാണു പോകുന്നതെന്നും പിള്ള പറഞ്ഞു.

വെബ്ദുനിയ വായിക്കുക