മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ മാത്രം ആശ്രയിക്കരുത്; സ്വന്തം ഫണ്ടുണ്ടാക്കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് മനുഷ്യാവകാശ കമ്മീഷന്‍

തിങ്കള്‍, 11 ഏപ്രില്‍ 2016 (16:10 IST)
എന്തിനും ഏതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ ആശ്രയിക്കുന്നതിനു പകരം അടിയന്തരഘട്ടങ്ങളില്‍ ഇരകള്‍ക്ക് സഹായമെത്തിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ടുണ്ടാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍.
 
തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇത്തരം ആകസ്‌മിക ദുരിതങ്ങളില്‍ പെടുന്ന അര്‍ഹരെ സഹായിക്കാന്‍ പ്രായോഗികവും ഭാവനാപൂര്‍ണവുമായ പദ്ധതി തയ്യാറാക്കണമെന്നും കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
 
തങ്ങളുടെ പങ്കാളിത്തമോ ഉദാസീനതയോ ഇല്ലാതെ തെരുവുനായകളുടെയും മറ്റ് മൃഗങ്ങളുടെയും ആക്രമണത്തിന് വിധേയരാകുന്ന സാധാരണക്കാര്‍ തദ്ദേശ ഭരണസംവിധാനങ്ങളുടെ സഹായത്തിന് അര്‍ഹരാണ്. പാമ്പുകളുടെയും മറ്റ് ഇഴജന്തുക്കളുടെയും കടിയേല്‍ക്കുന്നവര്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ രൂപീകരിക്കുന്ന ഫണ്ടിന്റെ പ്രയോജനം എത്തിക്കാവുന്നതാണ്.
 
തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പദ്ധതിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് നിയമപരമായ അനുവാദം നല്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സഹായത്തിനുള്ള മാനദണ്ഡങ്ങള്‍ ഏകീകരിക്കാനും മാര്‍ഗരേഖ തയ്യാറാക്കാനും തദ്ദേശവകുപ്പ് മുന്‍കൈയെടുക്കണം.
 
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരി ഉള്‍പ്പെടെ 23 പേര്‍ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റ സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. ആക്രമണത്തിന് ഇരയായവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സാമ്പത്തികസഹായം നല്കാന്‍ നടപടിയെടുക്കുന്നുണ്ടെന്നായിരുന്നു ജില്ല കളക്‌ടറുടെ റിപ്പോര്‍ട്ട്. സംഭവം നടന്ന് 90 ദിവസം  കഴിഞ്ഞിട്ടും സഹായം കിട്ടിയില്ലെന്നും പരാതിക്കാരും ആരോപിച്ചു.

വെബ്ദുനിയ വായിക്കുക