മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി കോഴിക്കോട്

Webdunia
തിങ്കള്‍, 27 ഏപ്രില്‍ 2015 (11:02 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ‘കരുതല്‍ 2015’ ന് കോഴിക്കോട് തുടക്കമായി. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൌണ്ടില്‍ പ്രത്യേകമായി  തയ്യാറാക്കിയ പന്തലിലാണ് പരിപാടി നടക്കുന്നത്.
 
കോഴിക്കോട്ട് ലഭിച്ച 11,089 പരാതികളില്‍ 90 ശതമാനം പരാതികളും ഉദ്യോഗസ്ഥര്‍ പരിഹാരം കണ്ടെത്തിയിട്ടുണ്ട്. പരാതി സമര്‍പ്പിച്ചവരില്‍ 103 പേരോട് നേരില്‍ കാണാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. കൂടാതെ, ഇന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്കാന്‍ എത്തിയവരെയും മുഖ്യമന്ത്രി കാണും.
 
ഈ വര്‍ഷത്തെ മൂന്നാമത്തെ ജനസമ്പര്‍ക്ക പരിപാടിയാണ് കോഴിക്കോട് ഇന്ന് നടക്കുന്നത്. നേരത്തെ, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ ആയിരുന്നു പരിപാടി നടന്നിരുന്നു. മന്ത്രി ഡോ. എം കെ മുനീര്‍ ചെയര്‍മാനായ കമ്മിറ്റിയുടെ പരിശോധന കൂടി കഴിഞ്ഞ ശേഷം എത്തുന്ന പരാതികള്‍ മുഖ്യമന്ത്രി അന്തിമ തീര്‍പ്പ് കല്‍പ്പിക്കും. പുതിയ പരാതികള്‍ സ്വീകരിക്കുവാന്‍ പ്രധാന വേദിക്കുപുറത്ത് 25 അക്ഷയ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.