മുഖ്യമന്ത്രിക്ക് സ്വീകരണവും ഒപ്പം കരിങ്കൊടിയും; മുഖ്യമന്തിയുടെ വാഹനവ്യൂഹം വഴിതിരിച്ചുവിട്ടു

ശനി, 29 ജൂണ്‍ 2013 (12:12 IST)
PRO
ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം ഏറ്റുവാങ്ങി തിരിച്ചെത്തിയ മുഖ്യമന്ത്രിക്ക് കോണ്‍‌ഗ്രസ് പ്രവര്‍ത്തകരുടെ വന്‍‌സ്വീകരണമാണ് തിരുവനന്തപുരത്ത് ലഭിച്ചത്. എന്നാല്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി.

ഇന്ന് രാവിലെ എട്ടുമണിയോടെ ആലുവ പാലസില്‍ വച്ചും പിന്നീട് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചുമാണ് കരിങ്കൊടി കാട്ടിയത്. ഒരോ മേഖലയിലും യുവജനസംഘടനകള്‍ പ്രതിഷേധം ഒരുക്കിയതോടെ മുഖ്യമന്തിയുടെ വാഹനവ്യൂഹം വഴിതിരിച്ചു വിടേണ്ടിവന്നു.

യുഎന്‍ പുരസ്കാരം ഏറ്റുവാങ്ങി തിരിച്ച് നെടുന്പാശേരിയില്‍ എത്തിയതിനു ശേഷം വിശ്രമിക്കാനായി ആലുവ പാലസില്‍ എത്തിയപ്പോഴാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രകടനവുമായി എത്തിയത്.

തുടര്‍ന്ന് 10.45ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ അവിടെ വച്ചും ഡിവൈഎഫ്ഐക്കാര്‍ കരിങ്കൊടി കാണിച്ചു. പിന്നാലെ യുവമോര്‍ച്ച പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. ചാക്ക, ശംഖുമുഖം എന്നിവിടങ്ങളിലും പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.



വെബ്ദുനിയ വായിക്കുക