ജനസേവ ശിശുഭവന്‍ പ്രസിഡന്‍റ് ജോസ് മാവേലിയുടെ സ്വത്തിനെക്കുറിച്ച് സംസ്ഥാന ഇന്‍റലിജന്‍സ് അന്വേഷണം തുടങ്ങി. ജോസ് മാവേലിക്ക് അനധികൃത സ്വത്തുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന ഇന്‍റലിജന്‍സ് കേസന്വേഷണം ഏറ്റെടുത്തത്.
ഇതുവരെ ശിശുഭവന്‍റെ പ്രവര്‍ത്തനങ്ങളെ പറ്റി മാത്രമാണ് കേസന്വേഷണം നടന്നിരുന്നത്. ചിത്രപ്പുഴയിലെ സ്നേഹ ബാലഭവനില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായ വിവരം മറച്ചുവയ്ക്കാന്‍ ജനസേവ ശിശുഭവന്‍ ശ്രമിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു.
സ്കൂളുകള്‍ വഴിയും കടകളില്‍ വച്ചിട്ടുള്ള ചാരിറ്റി ബോക്സുകള്‍ വഴിയുമാണ് ജോസ് മാവേലി പിരിവുകള്‍ നടത്തിയിരുന്നത്. എന്നാല്‍ എത്ര തുകയാണ് ഇതുവരെ സമാഹരിച്ചതെന്നോ എന്തിനാണ് ഉപയോഗിച്ചതെന്നോ സംബന്ധിച്ച് ഒരു കണക്കും ഇല്ലെന്നാണ് ആരോപണം.
2006 തൊട്ട് ഇതുവരെ പിരിഞ്ഞുകിട്ടിയ തുക എങ്ങനെ ചെലവഴിച്ചുവെന്നാണ് സംസ്ഥാന ഇന്‍റലിജന്‍സ് അന്വേഷിക്കുകയെന്നറിയുന്നു. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാവുമെന്ന് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. നാളൈ നമതേ എന്ന പേരില്‍ വിനയന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം നിര്‍മ്മിക്കുന്നത് ജോസ് മാവേലിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ, ജോസ് മാവേലിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ശിശുഭവനെ താറടിച്ച് കാണിക്കാനുള്ള ചില കുത്സിതബുദ്ധിക്കാരുടെ ശ്രമങ്ങളാണെന്നും ജനസേവ ശിശുഭവന്‍ മാനേജിംഗ് കമ്മറ്റി അറിയിച്ചു. ശിശുഭവനെ പറ്റിയും ജോസ് മാവേലിയെ പറ്റിയും ഉയര്‍ന്ന് വന്നിരിക്കുന്ന കുപ്രചരണങ്ങളാല്‍ ശിശുഭവന് വന്നുകൊണ്ടിരിക്കുന്ന സഹായങ്ങള്‍ നിന്നിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ ശിശുഭവന്‍ നിര്‍ത്തേണ്ടി വരുമെന്നും മാനേജിംഗ് കമ്മറ്റി പ്രസ്താവിച്ചു.