മാലാഖമാരെ കണ്ടില്ലെന്ന് നടിക്കരുത്, നമുക്കൊരു അപകടം സംഭവിച്ച് ആശുപത്രികളില്‍ എത്തിയാല്‍ ഇവരെ ഉള്ളൂ നോക്കാന്‍!

ബുധന്‍, 12 ജൂലൈ 2017 (12:53 IST)
മിനിമം വേതനം ആവശ്യപ്പെട്ട് സംസ്ഥാനത്ത് നഴുമാര്‍ നടത്തുന്ന സമരത്തിന് ശക്തിയേറുന്നു. സുപ്രീംകോടതി മാർഗ നിർദേശമനുസരിച്ചുളള വേതനവർധന ആവശ്യപ്പെട്ട് നടത്തുന്ന സമരം തിങ്കളാഴ്ച മുതല്‍ സംസ്ഥാന വ്യാപകമാക്കുമെന്ന് സംഘടന വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ തീരുമാനിച്ചു. 
 
പണിമുടക്ക് തുടങ്ങിയ കാസർകോട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളുടെ പ്രവർത്തനത്തെ സമരം സാരമായി ബാധിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാനശമ്പളം സ്വീകാര്യമല്ലെങ്കില്‍ നഴ്സുമാര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്നാൽ നഴ്സുമാർക്കുവേണ്ടി സാധ്യമായതെല്ലാം ചെയ്തുവെന്നാണ് സർക്കാർ നിലപാട്. 
 
യു എൻ എയുടെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് നഴ്സുമാർ കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലേയ്ക്ക് മാർച്ച് നടത്തി. സർക്കാർ കൈയൊഴിഞ്ഞതോടെ വൻ നഴ്സിങ് സമരത്തിനും നിയമപോരാട്ടത്തിനും പോകാന്‍ തയ്യാറാവുകയാണ് യു എന്‍ എ. മാലാഖമാര്‍ എന്ന് നമ്മള്‍ വിളിക്കുന്ന നഴ്സുമാര്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നത് റോഡിലാണ്. സമരപന്തലില്‍. നമുക്ക് ഒരപകടംപറ്റി ആശുപത്രിയില്‍ ചെന്നാല്‍ ശുശ്രൂഷിക്കാന്‍ നേഴ്സ്മാര്‍ തന്നെ വേണമെന്ന കാര്യം ആരും മറക്കാന്‍ പാടില്ല. 
 
‘അവര്‍ ആതമഹത്യ ചെയ്താലോ അപകടം ഉണ്ടായാലോ മാത്രമേ അത് ന്യൂസ്‌ ആക്കൂ എന്ന് വാശിപിടിക്കുന്ന മാധ്യമങ്ങളും, അവരെ സഹായിക്കാത്ത സര്‍ക്കാരും നമ്മളില്‍ ചിലരില്‍ ഒരു തോന്നല്‍ ഉണ്ടാക്കാം. "എന്റെ കയ്യില്‍ അധികാരം ഉണ്ടായിരുന്നെങ്കില്‍ എന്ന്. പ്രമുഖന്‍ പുട്ടും പഴവും കഴിച്ച് കാണുമോ എന്ന് വേവലാതിപ്പെടുന്ന അലവലാതി മാധ്യമങ്ങള്‍ക്ക് മാലാഖമാര്‍ റോഡില്‍ ഭക്ഷണം കഴിക്കുന്നത് കാണാന്‍ കണ്ണില്ലാതെപോയി‘. - ഫേസ്ബുക്കില്‍ ഇന്ന് കണ്ട ഒരു പോസ്റ്റാണിത്. പലരും ചിന്തിക്കേണ്ടിയിരിക്കുന്നു. 

വെബ്ദുനിയ വായിക്കുക