മാറാട് കലാപം: മൂന്ന് പേര്‍ക്ക് ജീവപര്യന്തം

വെള്ളി, 21 ജനുവരി 2011 (13:43 IST)
മാറാട് ഒന്നാം കലാപത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ടി സുരേഷ് ഉള്‍പ്പടെയുള്ള ആദ്യ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. പ്രതികള്‍ 25,000 രൂപ വീതം പിഴയൊടുക്കണം. മാറാട് സ്വദേശികളായ കോതന്റകത്ത് വീട്ടില്‍ ബിബീഷ് (35), ചോയിച്ചന്റകത്ത് വിജേഷ് (24) എന്നിവരാണ് മറ്റുള്ളവര്‍.

പരീച്ചന്റകത്ത് പി പി കുഞ്ഞിക്കോയ വധക്കേസിലാസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. ഒന്നാം മാറാട് കലാപത്തിന്റെ ഭാഗമായുണ്ടായ അക്രമത്തില്‍ 2002 ജനവരി മൂന്നിന് രാത്രിയാണ് കുഞ്ഞിക്കോയ കൊല്ലപ്പെട്ടത്. മാറാട്‌ ജുമാമസ്ജിദിന് സമീപത്തെ റോഡില്‍ രാത്രി എട്ടിനു പ്രതികള്‍ കുഞ്ഞിക്കോയയെ വെട്ടി പരുക്കേല്‍പ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്‌. അഞ്ചുപേര്‍ കൊല്ലപ്പെട്ട കലാപത്തിലെ ആദ്യ കൊലപാതകമായിരുന്നു കുഞ്ഞിക്കോയയുടേത്.

അഞ്ച് പ്രതികളെ പ്രത്യേക കോടതി ജഡ്ജി സോഫി തോമസ് കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിട്ടിരുന്നു. ഇതോടെ മാറാട്‌ ഒന്നാം കലാപത്തിലെ മുഴുവന്‍ കൊലക്കേസുകളിലും വിധിയായി. കേസില്‍ 21 സാക്ഷികളെ വിസ്‌തരിച്ചു. 47 രേഖകളും എട്ട് തൊണ്ടികളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ വി ജോസഫും പ്രതികള്‍ക്കു വേണ്ടി അഡ്വ: പി എസ്‌ ശ്രീധരന്‍ പിള്ളയും അഡ്വ: പി പി സുരേന്ദ്രനും അഡ്വ: എന്‍ ഭാസ്കരന്‍ നായരും ഹാജരായി.

വെബ്ദുനിയ വായിക്കുക