മാര്‍ക്സിസ്റ്റുകാര്‍ സഭയെ കടന്നാക്രമിക്കുന്നു: രവി
വ്യാഴം, 14 ഒക്‌ടോബര്‍ 2010 (12:18 IST)
സംസ്ഥാനത്ത് മാര്‍ക്സിസ്റ്റ് നേതാക്കള്‍ സഭയെ കടന്നാക്രമിക്കുന്നത് പതിവാക്കിയിരിക്കുകയാണെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ പക്ഷം മറുപക്ഷം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമി, പി ഡി പി, പോപ്പുലര്‍ ഫ്രണ്ട് എന്നീ കക്ഷികളിലൂടെ ഒരു സമുദായത്തെ പ്രീതിപ്പെടുത്തുന്ന സമയത്താണ് കത്തോലിക്കാ സഭയെ കടന്നാക്രമിക്കുന്നത്. ഇതു ഹിന്ദുവര്‍ഗീതയതയെ പ്രീതിപ്പെടുത്തുന്നതിനാണ്. ഇതു മാര്‍ക്സിസ്റ്റ് പാര്‍ട്ടി പോലുള്ള ഒരു സെക്കുലര്‍ പാര്‍ട്ടിക്കു യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വാസികള്‍ക്കു വോട്ട് ചെയ്യരുതെന്ന് സഭ ഇടയലേഖനമിറക്കി. അതില്‍ തെറ്റില്ല. സഭ നിലനില്‍ക്കുന്നതു തന്നെ വിശ്വാസത്തില്‍ അധിഷ്ഠിതമായാണ്. അവിശ്വാസിക്കു വോട്ട് ചെയ്യണമെന്നു സഭയ്ക്കു പറയാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
ലോട്ടറിക്കേസില്‍ ഇടപെട്ട കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വിയെ പാര്‍ട്ടി ശിക്ഷിച്ചു. എന്നാല്‍ ബംഗാളിലും കേരളത്തിലുമാണ് ലോട്ടറി വിഷയത്തില്‍ കൊള്ള നടക്കുന്നത്. ഇക്കാര്യം സി പി എം കേന്ദ്രകമ്മിറ്റി അന്വേഷിക്കണമെന്നും വയലാര്‍ രവി ആവശ്യപ്പെട്ടു.