മാന്യതയോടും മര്യാദയോടും കൈകാര്യം ചെയ്യണം, ഇല്ലെങ്കില്‍ വിവരമറിയുമെന്ന മുന്നറിയിപ്പുമായി സ്ത്രീ സംഘടന

ചൊവ്വ, 4 ജൂലൈ 2017 (13:41 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് കണ്ടെടുത്ത ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് മാന്യമായ രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയില്ലെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മലയാള സിനിമയിലെ സത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ഫെയ്‌സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് സംഘടനയുടെ പ്രതികരണം. 
 
വായനക്കാരെ ത്രസിപ്പിച്ച് വാര്‍ത്ത കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാന്യതയോടെയും മര്യാദയോടെയും വിഷയം കൈകാര്യം ചെയ്യുന്നില്ലങ്കില്‍ അത്തരം റിപ്പോര്‍ട്ടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിമന്‍ കളക്ടീവ് പറഞ്ഞു. സര്‍ക്കാരും പോലീസ് സംവിധാനങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട് .
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്വങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണ്. വായനക്കാരെ ത്രസിപ്പിച്ച് വാര്‍ത്ത കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാന്യതയോടെയും മര്യാദയോടെയും ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലാ എങ്കില്‍ അത്തരം റിപ്പോര്‍ട്ടുകള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരേ ഞങ്ങള്‍ക്ക് നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഒപ്പം സര്‍ക്കാരും പോലീസ് സംവിധാനങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു .

വെബ്ദുനിയ വായിക്കുക