മാധ്യമ പ്രവര്‍ത്തകയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഉണ്ടാക്കി അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതിന്‌ വിദ്യാര്‍ത്ഥികള്‍ അറസ്‌റ്റില്‍

ശനി, 20 ഫെബ്രുവരി 2016 (19:18 IST)
മാതൃഭൂമി ന്യൂസിലെ ന്യൂസ് എഡിറ്ററും അകം പുറം പരിപാടിയുടെ അവതാരകയുമായ എം എസ് ശ്രീകലയുടെ പേരില്‍ വ്യാജ ഫേസ്‌ബുക്ക്‌ പേജുണ്ടാക്കി അശ്ലീല ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ്‌ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്‌ത കേസില്‍ രണ്ട്‌ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ചാലക്കുടി സഹൃദയ കോളജിലെ ഒന്നാംവര്‍ഷ ബി എസ്‌ സി വിദ്യാര്‍ത്ഥികളായ ബെല്‍വിന്‍ പോളും ബന്ധുവായ ബി ടെക് വിദ്യാര്‍ത്ഥി ബെന്‍സന്‍ തോമസുമാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്. 
 
പണത്തിനുവേണ്ടി അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോകളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചുവെന്നാണ്‌ കേസ്‌. ഇത്തരത്തില്‍ സംസ്‌ഥാനത്ത്‌ രജിസ്‌റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്‌.
തങ്ങളുടെ ബ്ലോഗില്‍ കാഴ്‌ചക്കാരെ വര്‍ധിപ്പിക്കുന്നതിനാണ്‌ വിദ്യാര്‍ത്ഥികള്‍ വളഞ്ഞ വഴി പ്രയോഗിച്ചത്‌. കൂടുതല്‍ കാഴ്‌ചക്കാര്‍ കയറിയാല്‍ ഹിറ്റ്‌ വര്‍ധിക്കുകയും ഇതുവഴി ഗൂഗിള്‍ പരസ്യങ്ങള്‍വഴി പണം നേടുകയുമാണ്‌ രീതി. ഇത്തരത്തില്‍ മൂന്ന്‌ തവണകളായി ഒരു അക്കൗണ്ടില്‍ മാത്രം 60,000 രൂപ പ്രതികള്‍ക്ക്‌ ലഭിച്ചതായി പോലീസ്‌ വ്യക്‌തമാക്കുന്നു. 
 
ഐ ടി ആക്‌ട് 67എ, ഐ പി സി 469, 500 എന്നീ വകുപ്പുകളാണ്‌ പ്രതികള്‍ക്ക്‌ എതിരെ ചുമത്തിയിട്ടുള്ളത്‌. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
 

വെബ്ദുനിയ വായിക്കുക