മാധ്യമപ്രവര്‍ത്തകര്‍ ജയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ബഹുനില ഹോട്ടലില്‍ നിന്ന്‌‍; ഇന്‍റലിജന്‍സ്-ജയില്‍ വകുപ്പുകള്‍ അന്വേഷണം തുടങ്ങി

ബുധന്‍, 18 ഡിസം‌ബര്‍ 2013 (19:10 IST)
PRO
PRO
മാധ്യമപ്രവര്‍ത്തകര്‍ ജയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ബഹുനില ഹോട്ടലില്‍ നിന്നാണെന്ന് വ്യക്തമായി. ജയില്‍ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നുവെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലാ ജയിലിന് തൊട്ടടുത്ത ബഹുനില ഹോട്ടലിനെതിരെ പൊലീസ് ഇന്‍റലിജന്‍സ്-ജയില്‍ വകുപ്പുകള്‍ അന്വേഷണം തുടങ്ങി.

ടിപി വധക്കേസിലെ മുഖ്യപ്രതികള്‍ ജില്ലാ ജയിലില്‍ ഇന്‍റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ഉപയോഗിക്കുന്നതായ വാര്‍ത്ത പുറത്തുവന്നതിനുശേഷം ജയിലിന്‍െറ ഉള്‍ഭാഗത്തെ വിവിധ ദൃശ്യങ്ങള്‍ ഏതാനും ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു.
ഈ ദൃശ്യങ്ങള്‍ ഹോട്ടലിന്‍െറ മുകള്‍നിലയില്‍നിന്ന് ചിത്രീകരിച്ചതാണെന്ന് ജയില്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

ഹോട്ടല്‍ മാനേജ്മെന്‍റിനെതിരെ സംസ്ഥാന-ജില്ലാ ഇന്‍റലിജന്‍സ് വിഭാഗങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് നല്‍കി. ജില്ലാ ജയിലിന്‍െറ കേവലം 50 മീറ്റര്‍ മാറി പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടലില്‍നിന്ന് നോക്കിയാല്‍ ജയിലിലെ സെല്ലുകളടക്കം ദൃശ്യങ്ങള്‍ കാണാനാവും. പകല്‍ സെല്ലുകളില്‍നിന്ന് പുറത്തിറങ്ങുന്ന പ്രതികളെ തിരിച്ചറിയാനും സാധിക്കും. ജയിലിന് അഭിമുഖമായ ഏതെങ്കിലും മുറിയില്‍നിന്നോ, കോണിപ്പടിയില്‍നിന്നോ ടെലിസ്കോപിക് തോക്കുപയോഗിച്ച് ആരെ വേണമെങ്കിലും ആക്രമിക്കാന്‍ കഴിയുന്നത്ര അടുത്താണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നും ജയില്‍ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് കെട്ടിട നിര്‍മാണ അനുമതി നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക