മാണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നുവെന്ന് ജേക്കബ്
ഞായര്‍, 20 ഫെബ്രുവരി 2011 (13:19 IST)
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിയുടെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തുന്നതായി കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ടി എം ജേക്കബ്. തൊടുപുഴയില്‍ പി ജെ ജോസഫ് ആയിരിക്കും സ്ഥാനാര്‍ത്ഥിയെന്ന മാണിയുടെ പ്രസ്താവനയോടെ തൃശൂരില്‍ പ്രതികരിക്കുകയായിരുന്നു ജേക്കബ്.
മുന്നണി മര്യാദകള്‍ അറിയാവുന്ന മാണി സ്ഥാനാര്‍ഥിയെ സ്വയം പ്രഖ്യാപിച്ച നടപടി അത്ഭുതപ്പെടുത്തുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്താണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ വലുപ്പചെറുപ്പമില്ലെന്നും ജേക്കബ് പറഞ്ഞു.
മുന്നണിയില്‍ ചര്‍ച്ച ചെയ്താണ് സീറ്റുവിഭജനം നടത്തുന്നതെന്ന് മാണിക്ക് വ്യക്തമായി അറിയാവുന്നതാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പ്രസ്താവവന അത്ഭുതം ജനിപ്പിക്കുന്നു. അര്‍ഹമായ സീറ്റുകള്‍ നേടുക എന്നത് എല്ലാ പാര്‍ട്ടികളുടെയും അവകാശമാണെന്നും എന്നാല്‍ മാണി നടത്തിയതിന് സമാനമായ പ്രസ്താവന താന്‍ നടത്തില്ലെന്നും ജേക്കബ് പറഞ്ഞു.
ബാലകൃഷ്ണപിള്ളയുടെ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. കൊട്ടരക്കരയിലുള്ള മാണി വിഭാഗത്തില്‍പ്പെട്ട പ്രാദേശിക നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നെന്നും ജേക്കബ് പറഞ്ഞു.