പിളര്‍പ്പിന് പിന്നാലെ കെ എം മാണിക്ക് മറ്റൊറു തിരിച്ചടി കൂടി. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ ലക്ഷ്യമിട്ട് വിമതര്‍ നീക്കം ആരംഭിച്ചു. ഇതിനു പിന്നാലെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നതായി ഔദ്യോഗിക പക്ഷം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കാഞ്ഞിരപ്പള്ളിയില്‍ വിമതവിഭാഗം യോഗം ചേര്‍ന്ന് പാര്‍ട്ടി ഓഫീസ് പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഔദ്യോഗിക പക്ഷം പരാതി നല്‍കിയത്.
വിമതവിഭാഗം പോയതിനു ശേഷം ഔദ്യോഗിക പക്ഷമെത്തി അവര്‍ സ്ഥാപിച്ച പൂട്ടുപൊളിച്ചുമാറ്റി പകരം മറ്റൊരു പൂട്ട് ഇടുകയായിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടി ഓഫീസിന്റെ ചുമരിലെ ബോര്‍ഡില്‍നിന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുടെ പേരും ബ്രായ്‌ക്കറ്റിലുള്ള എമ്മും പെയിന്റ് ഉപയോഗിച്ച് മായ്‌ച്ചിരുന്നു. തുടര്‍ന്ന് നേതാക്കളെത്തി കടലാസില്‍ പേര് എഴുതി വീണ്ടും ഒട്ടിച്ചുചേര്‍ത്തു.
റെസ്‌റ്റ് ഹൗസില്‍ നടന്ന വിമതരുടെ യോഗത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റുമാര്‍, മൂന്നു സംസ്‌ഥാന സെക്രട്ടറിയേറ്റംഗങ്ങള്‍, നാലു ജില്ലാ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ രാജി പ്രഖ്യാപനം നടത്തി.
അതേസമയം, ഓഫീസ് പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ അതിനെ ശക്‌തമായി നേരിടുമെന്നു കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളം, സ്‌റ്റിയറിങ് കമ്മറ്റിയംഗം സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ അറിയിച്ചു.