മാണിക്കെതിരെ മുമ്പോട്ടുപോകാന്‍ പി സി ജോര്‍ജ് ആവശ്യപ്പെട്ടു: ബിജു രമേശ്

ചൊവ്വ, 11 നവം‌ബര്‍ 2014 (19:09 IST)
ധനമന്ത്രി കെ എം മാണിക്കെതിരായ കോഴ ആരോപണത്തില്‍ പിന്‍‌മാറാതെ മുമ്പോട്ടുപോകാന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ആവശ്യപ്പെട്ടതായി ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ്. ജോര്‍ജിന്‍റെ ടെലിഫോണ്‍ സംഭാഷണം തെളിവായുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞിട്ടാണ് കെ എം മാണിയെ കണ്ടതെന്നും ബിജു രമേശ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു.
 
മുഖ്യമന്ത്രിയെ അദ്ദേഹത്തിന്‍റെ ഓഫീസിലെത്തിയാണ് കണ്ടത്. അസോസിയേഷന്‍ ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ ഇതിന് തെളിവാണ് - ബിജു രമേശ് വെളിപ്പെടുത്തി.
 
കേസ് വിജിലന്‍സ് അട്ടിമറിക്കുകയാണ്. ഗുണ്ടാനിയമപ്രകാരം കേസെടുക്കാവുന്ന മൊഴിയാണ് മാണിക്കെതിരെ നല്‍കിയത്. തെളിവുണ്ടായിട്ടും മാണിക്കെതിരെ കേസെടുക്കുന്നില്ല - ബിജു രമേശ് ആരോപിക്കുന്നു.
 
മുഖം മൂടിയണിഞ്ഞ, ഇരട്ട വ്യക്തിത്വമുള്ള ആളാണ് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. മുഖ്യമന്ത്രിയെ മദ്യലോബിയുടെ ആളായി ചിത്രീകരിച്ചത് സുധീരനാണ്. തന്‍റെ ഇമേജ് നന്നാക്കാന്‍ മാത്രമേ സുധീരന്‍ നോക്കാറുള്ളൂ - ബിജു രമേശ് വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക