ബാര്‍ കോഴക്കേസില്‍ തെളിവുകളുടെ കൂമ്പാരമാണ് ധനമന്ത്രി കെ എം മാണിക്കെതിരെയുള്ളതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അഴിമതിക്കാരുടെ റാക്കറ്റായി സംസ്ഥാന സര്‍ക്കാര്‍ മാറിക്കഴിഞ്ഞു എന്നും പിണറായി പറഞ്ഞു.
കെ എം മാണി മന്ത്രിസ്ഥാനം രാജിവയ്ക്കണം. മാണി രാജിവയ്ക്കാത്തത് പാര്‍ലമെന്‍ററി മര്യാദകളുടെ ലംഘനമാണ്. തെളിവുകളുടെ കൂമ്പാരമാണ് മാണിക്കെതിരെയുള്ളത്. അഴിമതിക്കാരുടെ റാക്കറ്റായി സംസ്ഥാന സര്‍ക്കാര്‍ മാറി. അഴിമതിക്കാര്‍ക്ക് മുമ്പില്‍ പകച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍ - പിണറായി ആരോപിച്ചു.
ബാര്‍ കോഴ ആരോപണത്തില്‍ കെ എം മാണിക്കെതിരായ എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. അഴിമതി നിരോധന നിയമത്തിലെ 7, 13(1)D പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്.
ബാറുടമയായ ബിജു രമേശിനോട് മാണി അഞ്ചു കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നും ആദ്യ ഗഡുവായി ഒരു കോടി രൂപ വാങ്ങിയെന്നുമുള്ള ആരോപണത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവസാനമായി പണം നല്‍കിയത് ഏപ്രില്‍ രണ്ടിന് മാണിയുടെ വസതിയില്‍ വച്ചാണെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.
ബാറുടമയായ ബിജു രമേശിന്റെ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാവിലെയാണ് മാണിക്കെതിരെ കേസെടുത്തത്. പൂജപ്പുര സ്പെഷ്യല്‍ വിജിലന്‍സ് സെല്‍ ആണ് കേസെടുത്തത്.