മാക്‌ടയുടെ നേതൃത്വത്തില്‍ മാര്‍ച്ച്

ശനി, 18 ഏപ്രില്‍ 2009 (13:34 IST)
സിനിമാ രംഗത്ത്‌, നടന്‍മാരായ മമ്മൂട്ടിയുടെയും ദിലീപിന്‍റെയും നേതൃത്വത്തില്‍ തൊഴില്‍ നിഷേധവും ഗൂഢാലോചനയും നടക്കുകയാണെന്ന്‌ ആരോപിച്ച് മാക്ട ഫെഡറേഷന്‍റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. ദിലീപിന്‍റെ പുതിയ ചിത്രമായ ബോഡി ഗാര്‍ഡിന്‍റെ ചിത്രീകരണം നടക്കുന്ന ഒറ്റപ്പാലം വരിക്കാശേരി മനയിലേയ്ക്ക് ആയിരുന്നു മാര്‍ച്ച് നടത്തിയത്.

അംഗീകാരം ലഭിക്കാത്ത ഫെഫ്ക നടത്തുന്ന കള്ള പ്രചാരണം ഉപേക്ഷിക്കുക, കൂലി വര്‍ദ്ധനവ്‌ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. മുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച്‌ വരിക്കാശ്ശേരി മനയുടെ ഗേറ്റില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന്‌ മാക്ട പ്രവര്‍ത്തകര്‍ ഗെയിറ്റിന്‌ മുന്നില്‍ കുത്തിയിരുപ്പ്‌ സമരം നടത്തി.

തുളസിദാസ്‌ പ്രശ്നത്തില്‍ മാപ്പു പറയുകയും, അഡ്വാന്‍സ്‌ തുക തിരിച്ചു നല്‍കാന്‍ നടന്‍ ദിലീപ്‌ തയ്യാറാകുകയും ചെയ്യണം. ഇല്ലെങ്കില്‍, പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്ന് മക്‌ട ഫെഡറേഷന്‍ അറിയിച്ചു. ഉച്ചയ്ക്ക്‌ ശേഷം ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ വെച്ച് മാക്ട ഭാരവാഹികളുമായി ചര്‍ച്ചയ്ക്ക്‌ തയ്യാറാണെന്ന്‌ ദിലീപും സിദ്ദിഖും അറിയിച്ചതോടെ സമരം താല്‍കാലികമായി പിന്‍വലിച്ചു.

വെബ്ദുനിയ വായിക്കുക