മഴ തകര്‍ക്കുന്നു; ഗതാഗതം വെള്ളത്തില്‍ മുങ്ങി!

വ്യാഴം, 8 മെയ് 2014 (10:54 IST)
സംസ്ഥാനത്ത് മഴ തിമിര്‍ത്ത് പെയ്യുകയാണ്. സമീപ കാലത്തെ ഏറ്റവും വലിയ മഴയാണ് ഇന്നലെ രാത്രി പെയ്തത്. തിരുവനന്തപുരം നഗരത്തില്‍ 11 സെന്റീമീറ്റര്‍ മഴ പെയ്തു. എട്ടു സെന്റീമീറ്റര്‍ മഴയാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്.
 
തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ചു. നെല്ലിമൂടിന് സമീപം കുഴിപ്പള്ളം സ്വദേശി ഓമനയാണ് മരിച്ചത്. ആലുവ ശിവരാത്രി മണല്‍പ്പുറം മഴയില്‍ മുങ്ങി. കോട്ടയത്ത് ഗ്രാമപ്രദേശങ്ങളില്‍ മരം ഒടിഞ്ഞു വീണ് റോഡ് ഗതാഗതം തടസപ്പെട്ടു.
 
കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റെയില്‍, റോഡ് ഗതാഗതം താറുമാറായി. റെയില്‍വെ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പല ട്രെയിനുകളും വൈകുകയാണ്. എറണാകുളം സൗത്ത് സ്റ്റേഷനിലെ ആറ് ട്രാക്കുകളിലും വെള്ളം കയറിയിരിക്കുകയാണ്. 
 
ട്രാക്കില്‍ നിന്ന് വെള്ളം നീക്കാനുള്ള ശ്രമം നടക്കുകയാണ്. ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. പല സ്റ്റേഷനുകളിലും ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. സൗത്ത് സ്റ്റേഷന്‍ വഴി പോകേണ്ട പല ട്രെയിനുകളും നോര്‍ത്ത് സ്‌റ്റേഷന്‍ വഴിയാണ് പോകുന്നത്. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.

വെബ്ദുനിയ വായിക്കുക