മല്‍സ്യഗ്രാമങ്ങളുടെ സമഗ്രവികസനത്തിന് 3000 കോടി

വെള്ളി, 24 മെയ് 2013 (19:58 IST)
PRO
PRO
സംസ്ഥാനത്തെ 335 മല്‍സ്യഗ്രാമങ്ങളുടെയും സമഗ്രവികസനത്തിന് മൂന്നുവര്‍ഷം കൊണ്ട് 3000 കോടി രൂപ ചെലവഴിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി കെ ബാബു. വടക്കേക്കര കൊട്ടുവള്ളിക്കാട് സംയോജിതമല്‍സ്യഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീടില്ലാത്ത ഒരു മല്‍സ്യതൊഴിലാളി പോലുമുണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട് എന്നു പറഞ്ഞ മന്ത്രി 11 മാതൃക മല്‍സ്യഗ്രാമങ്ങളില്‍ 3500 വീടുകള്‍ അനുവദിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഏഴിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആലപ്പുഴയില്‍ നിര്‍വഹിക്കുമെന്നും അറിയിച്ചു.

മല്‍സ്യതൊഴിലാളിക്ക് കൂടുതല്‍ മണ്ണെണ്ണ ലഭിക്കണമെന്ന ആവശ്യം സംസ്ഥാനം കേന്ദ്രത്തിനു മുന്നില്‍ വച്ചിട്ടുണ്ട്. ബോട്ടുകളുടെ ആയുര്‍ദൈര്‍ഘ്യം സംബന്ധിച്ചാണ് ഒരു പ്രശ്‌നം നിലനിന്നിരുന്നത്. ഇത് ഈ മേഖലയിലെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിച്ചിട്ട#ുണ്ട്. 12 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള എഞ്ചിന്‍ ഉപയോഗിക്കുന്ന മല്‍സ്യ ബോട്ടുകള്‍ക്ക് ഇനി മുതല്‍ മണ്ണെണ്ണ പെര്‍മെറ്റുകള്‍ നല്‍കില്ലെന്ന് ധാരണയിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ രംഗത്തെ ഓരോ തീരുമാനങ്ങളും ഈ മേഖലയിലെ വിവിധ സംഘടനകളുമായി ആലോചിച്ചാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. മല്‍സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കടലോര, കായലോര പ്രദേശങ്ങളില്‍ വീടില്ലാതിരുന്ന 3500 മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കഴിഞ്ഞ സാമ്പത്തീകവര്‍ഷം വീട് നല്‍കാനായത് സര്‍ക്കാരിന്റെ വലിയ നേട്ടമാണ്.

ഈ വര്‍ഷം വീട്, കുടിവെള്ളം,ടോയ്‌ലെറ്റുള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കി തീരദേശങ്ങള്‍ സുരക്ഷ തീരങ്ങളാക്കും.മല്‍സ്യത്തൊഴിലാളി പെന്‍ഷന്‍ 500 രൂപയായി ഉയര്‍ത്തി, ഭവന നിര്‍മ്മാണത്തിന് ഒരു മല്‍സ്യത്തൊഴിലാളി കുടുബത്തിന് 50000 രൂപയില്‍ നിന്നും രണ്ടു ലക്ഷമാക്കിയത് ഈ സര്‍ക്കാരാണെന്നും നടപ്പ് വര്‍ഷം 3500 വീടുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക