മലയാളം വെബ്‌ദുനിയ മധുരപ്പതിനേഴിലേക്ക്!

ചൊവ്വ, 1 നവം‌ബര്‍ 2016 (13:05 IST)
വീണ്ടുമൊരു കേരളപ്പിറവി ദിനം. മഹത്തായ ഒരു സംസ്കൃതിയുടെയും സംസ്ഥാനത്തിന്റെയും പിറന്നാളാണ് ഇന്ന്. ഒപ്പം തന്നെ, ഇന്റര്‍നെറ്റ് ലോകത്ത് ചരിത്രം സൃഷ്ടിച്ച ഭാഷാപോര്‍ട്ടല്‍, മലയാളം വെബ്‌ദുനിയയുടെ പിറന്നാള്‍ ദിനം കൂടിയാണ് നവംബര്‍ ഒന്ന്. ഇന്ന് മലയാളത്തിലെ ആദ്യ സമഗ്ര ഭാഷാ പോര്‍ട്ടലായ മലയാളം വെബ്ദുനിയ വിജയകരമായി പതിനാറ്‌ വര്‍ഷം പൂര്‍ത്തിയാക്കി പതിനേഴാം വര്‍ഷത്തിലേക്ക് കടക്കുന്നു.
 
2000ലെ കേരളപ്പിറവി ദിനത്തിലാണ് വെബ്‌ദുനിയ ഡോട്ട് കോമിന്‍റെ മലയാളം എഡിഷനായി മലയാളം വെബ്‌ദുനിയ പിറന്നത്. അന്ന് ‘വെബ്‌ലോകം ഡോട്ട് കോം’ എന്ന പേരിലുള്ള ഭാഷാ പോര്‍ട്ടലായിരുന്നു. എന്നാല്‍, 2007 ജൂലൈ മുതല്‍ വെബ്‌ലോകം വെബ്ദുനിയ കുടുംബത്തിലെ മറ്റ് എട്ട് ഭാഷാ പോര്‍ട്ടലുകള്‍ക്കൊപ്പം യൂണിക്കോഡ് രൂപമാറ്റം സ്വീകരിച്ച് മലയാളം ഡോട്ട് വെബ്ദുനിയ ഡോട്ട് കോം എന്ന പേര് സ്വീകരിച്ചു.
 
മലയാളം വെബ്‌ദുനിയ ലോകത്തിലെ ഏറ്റവും മികച്ച മലയാളം പോര്‍ട്ടലായി മാറിക്കഴിഞ്ഞു. പില്‍ക്കാലത്ത് വന്‍‌കിട പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ പോര്‍ട്ടലുകളായി മാറി ആധിപത്യം ഉറപ്പിച്ചപ്പോഴും ലോകമെമ്പാടുമുള്ള മലയാളികള്‍ വെബ്‌ദുനിയയുടെ മലയാളം പോര്‍ട്ടലിനെ കൈവിട്ടില്ല. വെബ് താളുകള്‍ക്ക് കാലാനുസൃത മാറ്റം വരുത്തുന്നതില്‍ ഞങ്ങള്‍ എന്നും മുന്‍‌പന്തിയില്‍ തന്നെയാണ്.
 
മലയാളം വെബ്ദുനിയയെ സ്നേഹിക്കുകയും വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്ന എല്ലാ മലയാളികള്‍ക്കും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. നിങ്ങളുടെ പിന്തുണയും സഹായവും എന്നും ഉണ്ടായിരിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
 
പിറന്നാള്‍ ആഘോഷത്തിന്‍റെ മധുരവും സന്തോഷവും ഞങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു. വെബ്‌ദുനിയയുടെ യാത്രയില്‍ ഞങ്ങളോടൊപ്പം പങ്കാളിയാവാന്‍ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുകയും ചെയ്യുന്നു. നിങ്ങള്‍ നല്‍‌കിവരുന്ന അകമഴിഞ്ഞ പിന്തുണയാണ് ഞങ്ങളുടെ വിജയത്തിന്റെ രഹസ്യം!

വെബ്ദുനിയ വായിക്കുക