മണി മാത്രമല്ല, തിലകനും ജഗദീഷും മത്സരിക്കും

ചൊവ്വ, 11 ജനുവരി 2011 (17:15 IST)
PRO
PRO
കേരളവും തമിഴകത്തെ അനുകരിക്കാന്‍ ഒരുങ്ങുകയാണോ? അതെയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴകത്തെ പോലെ മലയാള സിനിമാതാരങ്ങളും നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

നാല് താരങ്ങളാണ് മലയാള വെള്ളിത്തിരയില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്. കലാഭവന്‍ മണി, തിലകന്‍, ജഗദീഷ്, ഗണേഷ് എന്നിവരാണ് തെരഞ്ഞെടുപ്പിന് ഗ്ലാമര്‍ പകരാന്‍ തയ്യാറെടുക്കുന്നത്.

ഇവരില്‍ മുന്‍‌മന്ത്രി കൂടിയായ ഗണേഷ് മത്സരിക്കുമെന്ന് ഉറപ്പാണ്. കലാഭവന്‍ മണിയും ഏതാണ്ട് സീറ്റ് ഉറപ്പാക്കിക്കഴിഞ്ഞെന്നാണ് സൂചന. കലാഭവന്‍ മണി ചാലക്കുടിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയാകുമെന്നാണ് അറിയുന്നത്. പത്മജ വേണുഗോപാലായിരിക്കും ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കരുണാകരന്റെ വേര്‍പാട് സൃഷ്ടിച്ച സഹതാപതരംഗത്തില്‍ നിന്ന് പത്മജയ്ക്ക് ലഭിക്കുന്ന ആനുകൂല്യം മറികടക്കാന്‍ മണിയുടെ സ്ഥാനാര്‍ഥിത്വം ഉപകരിക്കുമെന്നാണ് സിപി‌എം വിലയിരുത്തല്‍. ചാലക്കുടിയില്‍ മണിക്കുള്ള സ്വാധീനം വോട്ടായി മാറിയാല്‍ നിഷ്‌പ്രയാസം വിജയിക്കാനാകുമെന്നും സിപിഎം കണക്കുകൂട്ടുന്നു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മണി നിര്‍ത്തിയ രണ്ട്‌ സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതും സിപിഎമ്മിന്‌ ആത്‌മവിശ്വാസം പകരുന്നുണ്ട്‌.

പത്തനാപുരത്താണ്‌ ഗണേശ് ഇത്തവണയും മല്‍സരിക്കുന്നതെങ്കില്‍ തിലകനും അവിടെനിന്നു ജനവിധി തേടാനാണ് സാധ്യത. സിനിമയില്‍ നിന്ന്‌ തന്നെ പുറത്താക്കാന്‍ ഗണേഷ് കരുക്കള്‍ നീക്കിയെന്നാണ് തിലകന്‍ ആരോപിക്കുന്നത്. അതിനാല്‍ എല്‍ഡിഎഫ്‌ പിന്തുണച്ചില്ലെങ്കില്‍ കൂടി ഗണേഷിനെതിരെ സ്വതന്ത്രനായി മല്‍സരിക്കുമെന്നാണ്‌ തിലകന്റെ നിലപാട്‌. എന്നാല്‍ രണ്ടുതവണ തുടര്‍ച്ചയായി വിജയിക്കുന്ന ഗണേഷിനെ വീഴ്‌ത്താന്‍ തിലകന്‌ പിന്തുണ നല്‍കാന്‍ സിപിഎം- സിപിഐ കക്ഷികള്‍ തയ്യാറാകുമെന്നാണ്‌ അറിയുന്നത്.

PRO
PRO
തിരുവനന്തപുരത്തെ ഒരു മണ്ഡലത്തില്‍ നിന്ന്‌ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാനാണ് ജഗദീഷ് താല്‍പ്പര്യപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗദീഷ് മത്സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഏതായാലും മേയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെങ്കിലും അരങ്ങേറ്റം കുറിക്കാമെന്ന പ്രതീക്ഷയിലാണ് ജഗദീഷ്.

സ്വന്തം പാര്‍ട്ടി പോലും രൂപീകരിച്ച് രാഷ്ട്രീയത്തില്‍ പയറ്റാനിറങ്ങിയ ദേവനും നിയമസഭാ സീറ്റില്‍ ഒരു കണ്ണുണ്ട്. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ ചെന്നുകണ്ട് കോണ്‍ഗ്രസ് അംഗത്വം നേടിയെങ്കിലും നിയമസഭാ സീറ്റ് ദേവന് ലഭിക്കുന്ന കാര്യം അത്ര എളുപ്പമല്ലെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക