നടൻ കലാഭവന്‍ മണിയുടെ ശരീരത്തിൽ കണ്ടെത്തിയ ലഹരിവസ്തുക്കള്‍ ചികിത്സയുടെ ഭാഗമായി ഉള്ളിൽ കടന്നതാണെന്ന് നിഗമനം. ഡയസപാമിന് പുറമെ, കഞ്ചാവിന്റെയും കറുപ്പിന്റെയും ചേരുവകളാണ് കൊച്ചി ആശുപത്രിയിൽ നടത്തിയ ആദ്യ പരിശോധനയിൽ കണ്ടെത്തിയത്.
സാംപിളുകളുടെ പരിശോധനയിലാണ് മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നത്.
അതിനു പുറമെ ബെൻസോ ഡയസപാം, ഓപിയോയിഡ്സ്, കനാബിനോയിഡ്സ് എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ മണിയുടെ ശരീരത്തിൽ എത്തിയത് മയക്കാനുള്ള കുത്തിവയ്പ് വഴിയെന്നാണ് നിഗമനം. ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ച മണിയെ കുത്തിവച്ച് മയക്കിയാണ് എത്തിച്ചതെന്ന് സുഹൃത്തായ ഡോക്ടര്‍ നേരത്തെ മൊഴി നൽകിയിരുന്നു. വീര്യം കൂടിയ ലഹരിമരുന്നായ ഓപിയം അഥവാ കറുപ്പിന്റെ ഘടകമാണ് ഈ റിപ്പോർട്ടിൽ പറയുന്ന ഓപിയോയിഡ്സ്. എന്നാൽ മണി കഴിച്ച ഏതെങ്കിലും മരുന്നുകൾ വഴിയാകാം ഇത് ശരീരത്തില്‍ കടന്നതെന്നാണ് പൊലീസ് നിഗമനം.
അതേസമയം, മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കനാബിനോയിഡ്സ് മരുന്നുവഴി വരാൻ ഇടയില്ലെന്ന് വ്യക്തമാണ്. കഞ്ചാവ് ഉപയോഗിച്ചാൽ മാത്രമേ ഇതിന് സാധ്യതയുള്ളൂ. കഞ്ചാവിന്റെ സാന്നിധ്യം തീരെ ചെറിയ തോതിലാകാമെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കഞ്ചാവോ മറ്റ് ലഹരി വസ്തുക്കളോ മരണകാരണമാകാന്‍ ഇടയില്ലെന്ന നിഗമനത്തിലാണ് പൊലീസ്.