മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കും: ഉമ്മന്‍‌ചാണ്ടി

ബുധന്‍, 3 ഏപ്രില്‍ 2013 (16:32 IST)
PRO
PRO
സൗദിയില്‍നിന്ന്‌ മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. സൗദിയില്‍നിന്ന്‌ മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ മടക്കിക്കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണം. ഇത്തരക്കാര്‍ക്കായി കാര്‍ഡ്‌ ഏര്‍പ്പെടുത്തണമെന്നും ഉമ്മന്‍‌ചാണ്ടി ആവശ്യപ്പെട്ടു.

സൗദി അറേബ്യയിലെ സ്വദേശിവത്കരണത്തിന്‍റെ പശ്ചാത്തലത്തില്‍ പൊതുമാപ്പ് അനുവദിക്കാനും യാത്രാവിലക്ക് ഏര്‍പ്പെടുത്താതിരിക്കാനും നയതന്ത്ര ഇടപെടല്‍ വേണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നിതാഖാത്ത് നിയമം മൂലം സൗദിയില്‍ നിന്നു തിരിച്ചുവരുന്നവരുടെ വിമാന യാത്രാ ടിക്കറ്റ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. സൗദി അവരുടെ നിയമം നടപ്പാക്കരുതെന്ന് ആവശ്യപ്പെടാന്‍ കഴിയില്ല. അവരുമായി സഹകരിച്ചു നടപടികള്‍ ലഘൂകരിക്കാനുള്ള നയതന്ത്ര ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ എംബസിയുമായി എല്ലാ ദിവസവും ബന്ധപ്പെടുന്നുണ്ട്. അവധി ദിവസങ്ങളില്‍ പോലും 24 മണിക്കൂറും എംബസി പ്രവര്‍ത്തിക്കുകയാണ്. പൊതുമാപ്പിന് അവസരം ലഭിച്ചാല്‍ ഫ്രീ വിസക്കാര്‍ക്കും സ്പോണ്‍സര്‍ മാറി ജോലി ചെയ്യുന്നവര്‍ക്കും നിയമവിധേയമായി നാട്ടിലേക്കു മടങ്ങാന്‍ കഴിയും. മടങ്ങിവരുന്നവര്‍ക്കു യാത്രാ വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സൗദി ഭരണകൂടത്തോട് ആവശ്യപ്പെടണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക