മകളെ ലൈംഗികമായി പീഡിപ്പിച്ച എയ്ഡ്‌സ് രോഗബാധിതനായ പിതാവ് അറസ്റ്റില്‍

തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2013 (12:21 IST)
PTI
മകളെ ലൈംഗികമായി പീഡിപ്പിച്ച എയ്ഡ്‌സ് രോഗബാധിതനായ പിതാവ് അറസ്റ്റിലായി.
ചെറിയനാട് വില്ലേജില്‍ താമസിക്കുന്ന കൊല്ലം ആയൂര്‍ സ്വദേശിയായ 44കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

എയ്ഡ്‌സ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീട് സന്ദര്‍ശിച്ച ആരോഗ്യ പ്രവര്‍ത്തകരോടും ആശാവര്‍ക്കര്‍മാരോടും പത്തൊന്‍പതുകാരിയായ യുവതി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മുന്‍പ് മുംബൈയില്‍ ജോലി ചെയ്തിരുന്ന പിതാവ്, താന്‍ മൂന്നാംക്ലാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി യുവതി പൊലീസിന് മൊഴി നല്‍കി. യുവതിയും എയ്ഡ്‌സ് രോഗ ബാധിതയാണ്.

ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ യുവതിയെ ആരോഗ്യപ്രവര്‍ത്തകര്‍ എറണാകുളം കാക്കനാട്ടുള്ള ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്കായ സ്‌നേഹിതയിലേക്ക് മാറ്റി. എയ്ഡ്‌സ് രോഗത്തിന് ചികിത്സയിലായിരുന്ന ഇയാളുടെ ഭാര്യ ഇതേ രോഗം ബാധിച്ച് ഒന്‍പതുമാസം മുന്‍പാണ് മരിച്ചത്.

വെബ്ദുനിയ വായിക്കുക