മകരവിളക്ക്‌ മനുഷ്യനിര്‍മ്മിതം: ജി സുധാകരന്‍

വ്യാഴം, 20 ജനുവരി 2011 (17:10 IST)
PRO
മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണെന്ന് സഹകരണമന്ത്രി മന്ത്രി ജി സുധാകരന്‍. മകരവിളക്കിന് ആദിവാസികളുമായി ബന്ധമുണ്ടെന്നാണ് ലഭിച്ച വിവരം. എന്നാല്‍ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ഇതില്‍ ഇടപെട്ട് വിവാദമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മകരവിളക്ക് കൊണ്ട് ആര്‍ക്കും ദോഷമില്ല. ഇത് മതവിദ്വേഷത്തിനോ വര്‍ഗീയയ്ക്കോ കാരണമാകുന്നില്ല.

മകരവിളക്ക് കത്തിക്കുന്നതില്‍ ആദിവാസികള്‍ക്ക് പങ്കുണ്ടെന്ന് 2008ല്‍ താന്‍ പറഞ്ഞിരുന്നു. വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ട്.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ നിലപാട്‌ അറിയിക്കേണ്ടത്‌ ദേവസ്വം മന്ത്രിയാണെന്നും സുധാകരന്‍ പറഞ്ഞു.

വിശ്വാസവുമായി ബന്ധപ്പെട്ട മകരജ്യോതിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. ശബരിമലയില്‍ ആത്മീയ വാദികളെക്കൊണ്ടോ ഭൌതികവാദികളെക്കൊണ്ടോ പരിശോധിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മകരവിളക്കും മകരജ്യോതിയും തമ്മിലുള്ള വ്യത്യാസമെന്തെന്ന്‌ വിശദീകരിക്കണമെന്ന് വ്യഴാഴ്ച്ച ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട്‌ ആവശ്യപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക