ഭരണപരിഷ്കാര കമ്മിഷന്റെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നു; നിരന്തരം കത്തുകള്‍ അയച്ച് വിഎസ്

തിങ്കള്‍, 29 മെയ് 2017 (07:45 IST)
തിരക്കിട്ട ജോലികളുമായി ഭരണപരിഷ്കാര കമ്മിഷന്‍ ചെയർമാൻ വി എസ് അച്യുതാനന്ദൻ. അതേസമയം, അദ്ദേഹം ഉന്നിയിക്കുന്ന പല ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കഴിഞ്ഞ ഓഗസ്റ്റ് 18ന് കമ്മിഷൻ ചെയർമാനായി വിഎസിനെയും അംഗങ്ങളായി മുൻ ചീഫ് സെക്രട്ടറിമാരായ നീല ഗംഗാധരനെയും സി.പി.നായരെയും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്.  
 
എന്നാല്‍ കുറേയേറെ വിവാദങ്ങൾക്കുശേഷം കഴിഞ്ഞമാസമായിരുന്നു വിഎസിനു ശമ്പളം അനുവദിച്ചത്. അതേസമയം സി.പി.നായർക്കും നീല ഗംഗാധനും ഇതുവരെയും ശമ്പളം ലഭിച്ചിട്ടില്ല. വിഎസിന്റെ 11 പേഴ്സണൽ സ്റ്റാഫുകളില്‍ ഒൻപതു പേര്‍ക്കുമാത്രമാണ് ശമ്പളം ലഭിക്കുന്നത്. സർക്കാരിൽ സർവീസിൽ നിന്നു വിരമിച്ചശേഷം പേഴ്സണൽ സ്റ്റാഫിൽ എത്തിയ രണ്ടുപേർക്കു ശമ്പളം അനുവദിച്ചുള്ള ഉത്തരവ് എപ്പോൾ ഇറങ്ങുമെന്നു നിശ്ചയമില്ല. 
 
കമ്മിഷൻ അംഗങ്ങൾക്കു ജീവനക്കാരെ നിയമിക്കുന്നതിനുള്ള ഫയലുകളും സെക്രട്ടേറിയറ്റിൽ ചുറ്റിക്കറങ്ങുകയാണ്. ഈ കാര്യങ്ങളിലെല്ലാം ഉടൻ തീരുമാനം വേണമെന്നാവശ്യപ്പെട്ട് സർക്കാരിനു വിഎസ് നിരന്തരം കത്തുകൾ അയയ്ക്കുന്നുണ്ട്. എന്നാല്‍ ഒന്നിനും മറുപടിയും നടപടിയുമില്ലെന്നും പറയുന്നു .

വെബ്ദുനിയ വായിക്കുക