ബോട്ടില്‍ ഇടിച്ച കപ്പല്‍ പിടികൂടി

വ്യാഴം, 17 ജനുവരി 2013 (10:07 IST)
PRO
PRO
ചാലിയത്ത് കഴിഞ്ഞ ദിവസം രാത്രിയില്‍ ഫൈബര്‍ ബോട്ടില്‍ ഇടിച്ച കപ്പല്‍ പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ്‌ ആഴക്കടലില്‍ നിന്നു കോസ്റ്റ്ഗാര്‍ഡാണ് കപ്പല്‍ പിടികൂടിയത്. കപ്പല്‍ കൊച്ചിയിലെത്തിച്ചു. എ വി ഇസുമോ എന്ന കപ്പലാണ് പിടികൂടിയത്. ഗുജറാത്തില്‍ നിന്ന്‌ സിംഗപ്പൂര്‍ വഴി ജപ്പാനിലേക്ക്‌ പോകുകയായിരുന്നു കപ്പല്‍ പനാമയിലാണ് റജിസ്റ്റര്‍ ചെയ്തത്.

മത്സ്യബന്ധനത്തിന് പോയ അല്‍ അമീന്‍ എന്ന ഫൈബര്‍ ബോട്ടിലാണ് ബുധനാഴ്ച വൈകുന്നേരം കപ്പല്‍ ഇടിച്ചത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക്‌ പരുക്കേറ്റിരുന്നു. പുതിയപുരയില്‍ റഫീഖ്‌, കോട്ടങ്കണ്ടി മുനീസ്‌, പാണ്ടികശാല മുഹമ്മദ്‌ റഫി എന്നിവര്‍ക്കാണു പരുക്കേറ്റത്‌.

എന്നാല്‍ ഇവരുടെ പരുക്ക് ഗുരുതരമല്ല. സംഭവത്തില്‍ ബോട്ട് പൂര്‍ണമായി തകര്‍ന്നു.

തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് നടത്തിയ അന്വേഷണത്തില്‍, സംഭവസമയത്ത്‌ അതുവഴി പോയ രണ്ടു കപ്പലുകള്‍ പിടികൂടി. ഇന്തൊനീഷ്യയിലേയ്ക്കു പോകുകയായിരുന്ന പെന്‍ഗായി എന്ന കപ്പലും എ വി ഇസുമോ എന്ന കപ്പലുമാണ്‌ കോസ്റ്റ്ഗാര്‍ഡ്‌ പിടികൂടിയത്‌.

എന്നാല്‍ പ്രാഥമിക നിഗമനം അനുസരിച്ച്‌ എ വി ഇസുമോ എന്ന കപ്പലാണ്‌ ഇടിച്ചതെന്ന്‌ കണ്ടെത്തി. തുടര്‍ന്ന്‌ പെന്‍ഗായി എന്ന കപ്പല്‍ വിട്ടയച്ചു.

വെബ്ദുനിയ വായിക്കുക