ഡി ജി പി സ്ഥാനത്ത് ഇരിക്കാൻ ബെഹ്‌റ യോഗ്യനല്ല? തൊപ്പി തെറിക്കുമോ?

വെള്ളി, 7 ഏപ്രില്‍ 2017 (08:27 IST)
ഇടതു സർക്കാർ അധികാരത്തിലേറിയതിനു ശേഷം കേരള പൊലീസിനെതിരെ ആരോപണങ്ങളും ആക്ഷേപങ്ങളും നിരവധിയാണ് ഉയരുന്നത്. തൊടുന്നതെല്ലാം അബദ്ധമായി മാറുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്‌ഥാനത്തുനിന്നു മാറ്റുന്നത് ആലോചിക്കണമെന്നു സിപിഎം കേന്ദ്ര നേതൃത്വം.
 
ഡി ജി പിയെ മാറ്റണമെന്ന ആവശ്യം സി പി എമ്മിൽ നിന്നും ഉയരുന്നുണ്ടെങ്കിലും പകരം നിയമിക്കാൻ ഓഫിസർമാരില്ലെന്ന മറുപടിയാണു സംസ്‌ഥാന ഘടകം നൽകിയതെന്നാണ് സൂചന. ജിഷ്‌ണു പ്രണോയിയുടെ അമ്മ മഹിജയുടെ പ്രതിഷേധത്തെ പൊലീസ് നേരിട്ട രീതി ഉചിതമായില്ലെന്നു കേന്ദ്ര നേതൃത്വം വിലയിരുത്തി. 
 
ജനുവരി ആദ്യവാരം തിരുവനന്തപുരത്തു കേന്ദ്ര കമ്മിറ്റി ചേർന്നപ്പോഴും പൊലീസിന്റെ രീതികളെക്കുറിച്ചു കേന്ദ്ര നേതൃത്വം അതൃപ്‌തി പ്രകടിപ്പിച്ചതും ഉചിതമായ തിരുത്തലുകൾ ഉടനെ വേണമെന്നു നിർദേശിച്ചതുമാണെന്നു നേതാക്കൾ സൂചിപ്പിച്ചു. ഇടതുപക്ഷ സർക്കാരിൽനിന്നു ജനം പ്രതീക്ഷിക്കുന്ന രീതിയിലുള്ള നടപടികളല്ല ഉണ്ടാവുന്നതെന്നാണ് വിലയിരുത്തൽ.

വെബ്ദുനിയ വായിക്കുക