ബി നിലവറ തുറന്ന് പരിശോധിക്കണം

ശനി, 19 ഏപ്രില്‍ 2014 (11:06 IST)
PTI
PTI
തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ 'ബി' നിലവറ തുറക്കണമെന്നും അതിലെ ആഭരണ ശേഖരത്തിന്റെ മൂല്യ നിര്‍ണയം നടത്തുകയും വേണമെന്ന് സുപ്രീ കോടതി നിയമിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം
ശുപാര്‍ശചെയ്തു. ഈ നിലവറ നേരത്തേയും തുറന്ന് ചിത്രങ്ങളെടുത്തിരുന്നുവെന്നാണ് ഗോപാല്‍ സുബ്രമണ്യം സുപ്രീകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

കണക്കില്‍ പെടാത്ത സ്വര്‍ണ ശേഖരങ്ങളും മറ്റും കണ്ടെടുത്തിരിക്കുന്നതിനാല്‍ നിലവറ തുറക്കേണ്ടത് അത്യാവശ്യമാണെന്നും എന്നാല്‍ ഭക്തന്മാരുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കാതിരിക്കാന്‍ ദേവപ്രശ്‌നം നടത്താവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തിരുവനന്തപുരത്തെ മഹാരാജാസ് സ്റ്റുഡിയോവിലെ ചന്ദ്രകുമാര്‍ എന്ന ഫോട്ടോഗ്രാഫറാണ് 2007ല്‍ നിലവറയിലെ ചിത്രങ്ങളെടുത്തത്. മാര്‍ച്ച് 14-ന് ചന്ദ്രകുമാര്‍ അമിക്കസ് ക്യൂറിക്ക് ഇതുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍ താന്‍ എടുത്ത ചിത്രങ്ങളെല്ലാം തന്നെ കമ്പ്യൂട്ടറില്‍നിന്ന് നീക്കംചെയ്‌തെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ചിത്രങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് ദുരൂഹമാണെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ആല്‍ബം തയ്യാറാക്കുന്നതിന് ഫോട്ടോ എടുത്തവര്‍ വിദഗ്ധസമിതി മൂല്യനിര്‍ണയത്തിന് ഫോട്ടോയെടുക്കുന്നതിനെ എതിര്‍ത്തത് അത്ഭുതകരമാണെന്ന് ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടെത്തുന്നത് തടയുകയായിരുന്നു, നേരത്തേ ഫോട്ടോയെടുത്തത് സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെക്കുകവഴി ലക്ഷ്യമിട്ടിരുന്നതെന്ന് അമിക്കസ് ക്യൂറി ആരോപിക്കുന്നു.

റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനേയും രാജകുടുംബത്തിനേയും അമിക്കസ് ക്യൂറി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ രാജാവ് ട്രസ്റ്റിയായുള്ള ഭരണസമിതിക്ക് പകരം കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ ഭരണസംവിധാനം രൂപവത്കരിക്കണമെന്നും ക്ഷേത്രം സ്വകാര്യ സ്വത്തുപോലെ കൈകാര്യം ചെയ്തൂവെന്നും ധാര്‍മികതയിലും വിശ്വാസത്തിലും അധിഷ്ഠിതമായ കടമകള്‍ ലംഘിക്കപ്പെട്ടൂവെന്നും 575 പേജുള്ള റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

ട്രസ്റ്റിയെന്ന നിലയില്‍ ക്ഷേത്രത്തിലെ സ്വത്ത് സംരക്ഷിക്കുന്നതും ദൈവത്തോടുള്ള കടമ നിര്‍വഹിക്കലാണ്. ആ കടമ നിര്‍വഹിക്കാന്‍ കഴിയാത്ത ട്രസ്റ്റിക്ക് പദവിയില്‍ തുടരാന്‍ അര്‍ഹതയില്ല. പദ്മനാഭദാസനെന്ന് അറിയപ്പെടുമ്പോള്‍ ഉത്തരവാദിത്വം കൂടുതലാണെന്നും അമിക്കസ് ക്യൂറി ഓര്‍മിപ്പിക്കുന്നു.

ക്ഷേത്രത്തിലെ കണക്കുകളില്‍ വന്‍തോതില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും അതിനാല്‍ മുന്‍ സിഎജി വിനോദ് റായിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 25 കൊല്ലത്തെ കണക്കുകള്‍ പ്രത്യേകം ഓഡിറ്റിങ് നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തിട്ടുണ്ട്. ക്ഷേത്രം ട്രസ്റ്റിന്റെ എല്ലാ സ്വത്തുക്കളും രേഖകളും എത്രയും പെട്ടെന്ന് മുദ്രവെക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവറകളുടെ താക്കോലുകളില്‍ ഒരെണ്ണം ഇപ്പോള്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കൈയിലും മറ്റൊരെണ്ണം കൊട്ടാരത്തിലുമാണ്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ കൈവശമുള്ള മുദ്ര അപര്യാപ്തമാണ്. അഡ്വക്കറ്റ് കമ്മീഷണര്‍മാര്‍ നിലവറകള്‍ മുദ്രവെച്ച് താക്കോലുകള്‍ തിരുവനന്തപുരം ജില്ലാ ജഡ്ജിക്ക് നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

വെബ്ദുനിയ വായിക്കുക