ബി കെ ശേഖറിന് വിട

വ്യാഴം, 21 ഏപ്രില്‍ 2011 (15:23 IST)
PRO
PRO
ബി ജെ പി സംസ്‌ഥാന വൈസ്‌ പ്രസിഡന്റും തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന ബി കെ ശേഖറിന്റെ മൃതദേഹം ഉച്ചതിരിഞ്ഞ് 3:30 -ഓടെ സംസ്കരിക്കും. തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്കാരചടങ്ങുകള്‍ നടക്കുക.

ബുധനാഴ്ച രാത്രിയാണ് മൃതദേഹം കൊച്ചിയില്‍ നിന്ന് വഞ്ചിയൂരിലെ വീട്ടിലെത്തിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ബി ജെ പി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ പൊതുദര്‍ശനത്തിന് വച്ചു. ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പുറമെ ആയിരക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മന്ത്രിമാര്‍, വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവരും അദ്ദേഹത്തിന് ആദരാഞ്‌ജലി അര്‍പ്പിച്ചു.

കരളില്‍ ക്യാന്‍സര്‍ ബാധിച്ച ബി കെ ശേഖറിന്റെ അന്ത്യം ബുധനാ‍ഴ്ച ഉച്ചയോടെ കൊച്ചി അമൃത ആശുപത്രിയില്‍ വച്ചായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ് അദ്ദേഹത്തിന്റെ രോഗം ഗുരുതരമായത്. പത്ത് ദിവസത്തോളം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വെബ്ദുനിയ വായിക്കുക