ബാഹുബലിക്കായി വനംവകുപ്പ് കണ്ണടച്ചോ? മാനം മുട്ടി നിൽക്കുന്ന കണ്ണവം പൂർവ്വസ്ഥിതിയിലാകാൻ ഇനിയെത്ര വർഷം?

ബുധന്‍, 3 മെയ് 2017 (09:12 IST)
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് കണ്ണവം വനത്തിലാണ്. ബാഹുബലി ചിത്രീകരിച്ചത് വന്‍ പരിസ്ഥിതി നാശത്തിന് ഇടയാക്കിയതായി പരാതി. ചിത്രീകരണത്തെ തുടർന്ന് അടിക്കാടുകൾ നഷ്ടമായിരിക്കുകയാണ്. ചുരുങ്ങിയത് 70 വർഷമെങ്കിലും വേണം നല്ല അടിക്കാടുകൾ ഉണ്ടാകാൻ.
 
പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ആദിവാസി വാസകേന്ദ്രങ്ങളിലെ റോഡുകള്‍ ടാര്‍ ചെയ്യുന്നതിന് പോലും വനംവകുപ്പ് അനുവാദം നൽകാറില്ല. ഈ സാഹചര്യത്തിലാണ് ബാഹുബലി ചിത്രീകരണം കാടിനുള്ളിൽ നടന്നതെന്നതും ശ്രദ്ധേയം. കേന്ദ്ര സര്‍ക്കാറിന്റെ വനാവകാശ പരിരക്ഷയുള്ള കണ്ണവം വനത്തില്‍ വനനിയമങ്ങള്‍ ലംഘിച്ചാണ് സിനിമാ ചിത്രീകരണം നടത്തിയതെന്ന് ആദിവാസികള്‍ ആരോപിക്കുകയും അവർ ഇക്കാര്യവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. 
 
സിനിമക്കായി ഭീമന്‍ വാഹനങ്ങള്‍ അടക്കമുള്ള സംവിധാനങ്ങളും വനമദ്ധ്യത്തില്‍ എത്തിയിരുന്നു. വലിയ ഭാരമുള്ള വസ്തുക്കളും വനത്തിനുള്ളിൽ എത്തിച്ചു. ചിത്രീകരണത്തിനായി ഇവര്‍ ഉപയോഗിച്ച പ്ലാസ്റ്റിക് അനുബന്ധ വസ്തുക്കള്‍ കാട്ടില്‍ നാലിടത്തായി തീയിട്ടു നശിപ്പിക്കുകയായിരുന്നു. വകുപ്പ് അധികാരികള്‍ ബാഹുബലിയുടെ ചിത്രീകരണത്തില്‍ മയങ്ങിപ്പോവുകയായിരുന്നുവെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക