ബാര്‍ലൈസന്‍സില്‍ വിവേചനമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
വ്യാഴം, 17 ഏപ്രില്‍ 2014 (17:17 IST)
PRO
PRO
ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കിയതില്‍ വിവേചനം കാണിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അര്‍ഹതയുള്ളവര്‍ക്കു മാത്രമെ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടൂള്ളു. എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് പുതുക്കിനല്‍കിയത്. ഇടക്കാല ഉത്തരവിലൂടെ ലൈസന്‍സ് ലഭിച്ചവര്‍ക്ക് പുതുക്കി നല്‍കാനാവില്ല.
ലൈസന്‍സുകള്‍ പുതുക്കിയതില്‍ വിവേചനം കാണിച്ചെന്നാരോപിച്ച് ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയെതുടര്‍ന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിനുള്ള സത്യവാങ് മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിയത്. ത്രീസ്റ്റാര്‍ ഹോട്ടല്‍ ഉടമകളുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
പല ത്രീസ്റ്റാര്‍ ഹോട്ടലുകളെയും ലൈസന്‍സ് പുതുക്കിയപ്പോള്‍ തഴഞ്ഞുവെന്നും അതേസമയം ചില ടു സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയെന്നുമായിരുന്നു ബാര്‍ ഉടമകളുടെ വാദിച്ചത്. നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന ഏപ്രില്‍ രണ്ടിലെ സര്‍ക്കാര്‍ ഉത്തരവാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് കൊടുക്കാതിരിക്കുമ്പോള്‍ നിലവാരമില്ലാത്ത ബാറുകള്‍ എങ്ങിനെ പ്രവര്‍ത്തിക്കുമെന്ന സുപ്രീം കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് ആകെ 753 ബാറുകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനാനുമതിയുണ്ടായിരുന്നത്.