ബാര്‍കോഴ: ഒറിജിനല്‍ ഡിസ്‌ക് ഹാജരാക്കില്ലെന്ന് ബിജു രമേശ്

ചൊവ്വ, 3 ഫെബ്രുവരി 2015 (16:29 IST)
ബാര്‍കോഴ കേസില്‍ ഒറിജിനല്‍ ഡിസ്ക് വിജിലന്‍സ് മുമ്പാകെ ഹാജരാക്കില്ലെന്ന് ബിജു രമേശ്. എന്നാല്‍ , കോടതിക്ക് മുമ്പിലോ കേന്ദ്ര അന്വേഷണ ഏജന്‍സിക്കു മുമ്പിലോ ഒറിജിനല്‍ ഡിസ്ക് ഹാജരാക്കാന്‍ താന്‍ തയ്യാറാണെന്നും ബിജു രമേശ് പറഞ്ഞു.
 
ബാര്‍കോഴ കേസില്‍ എഡിറ്റ് ചെയ്യാത്ത ഒറിജിനല്‍ ഹാര്‍ഡ് ഡിസ്‌ക് തന്നെ തെളിവായി ഹാജരാക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ബിജു രമേശിന് നോട്ടീസ് അയക്കുമെന്ന് വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്‍ എം പോള്‍ പറയുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ ആണ് ഒറിജിനല്‍ ഡിസ്ക് വിജിലന്‍സിന് നല്കില്ലെന്ന് ബിജു രമേശ് പറഞ്ഞത്.
 
ബിജു സ്വന്തം ഇഷ്‌ടപ്രകാരം എഡിറ്റ് ചെയ്ത ഡിസ്‌കിന് നിയമസാധുതയില്ല. അതൊരു തെളിവായി കണക്കാക്കാന്‍ കഴിയില്ലെന്നും വിന്‍സന്‍ എം പോള്‍ പറഞ്ഞിരുന്നു.
 
രണ്ടരമണിക്കൂര്‍ സമയമുള്ള ശബ്‌ദരേഖയാണ് ബിജുരമേശ് നേരത്തെ വിജിലന്‍സിന് കൈമാറിയിരുന്നത്. പതിനാറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്‌ദരേഖയാണ് തന്റെ കൈവശമുള്ളതെന്ന് മാധ്യമങ്ങളിലൂടെ ബിജു വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക