ബലാത്സംഗമായിരുന്നോ എന്നതിന് സരിത ‘അതെ’ എന്നു പറഞ്ഞു

വെള്ളി, 17 ഏപ്രില്‍ 2015 (17:20 IST)
ചോദ്യം ചെയ്യലിനിടയില്‍ ‘ബലാത്സംഗമാണോ’ എന്ന ചോദ്യത്തിന് സരിത ‘അതെ’ എന്ന് മറുപടി നല്കിയെന്ന് മജിസ്ട്രേറ്റ് എന്‍ വി രാജു. എറണാകുളത്ത് സോളാര്‍ കമ്മീഷന് മുമ്പില്‍ എത്തി നല്കിയ മൊഴിയിലാണ് മജിസ്ട്രേറ്റ് എന്‍ വി രാജു മൊഴി നല്കിയത്. എറണാകുളം മുന്‍ എ സി ജെ എം ആയിരുന്നു എന്‍ വി രാജു.
 
തുടര്‍ന്ന്, പീഡിപ്പിച്ചവരുടെ പേരുകള്‍ സരിത പറഞ്ഞെങ്കിലും താന്‍ അത് ശ്രദ്ധിച്ചില്ല. തനിക്ക് പരിചയമില്ലാത്ത പേരുകള്‍ ആയിരുന്നു സരിത പറഞ്ഞത്. പേരുകള്‍ രേഖപ്പെടുത്തിയിരുന്നില്ലെന്നും അതിനാല്‍ പേരുകള്‍ ഓര്‍മ്മയില്ലെന്നും എന്‍ വി രാജു പറഞ്ഞു. ബലാത്സംഗം ചെയ്തെന്ന് പരാതിയുണ്ടെങ്കില്‍ എഴുതി തരാന്‍ താന്‍ ആവശ്യപ്പെട്ടെന്നും മജിസ്ട്രേറ്റ് സോളാര്‍ കമ്മീഷനെ അറിയിച്ചു. 
 
സരിതയുമായി സംസാരിച്ചത് അഞ്ചോ ആറോ മിനുറ്റ് മാത്രമായിരുന്നെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. കേസുമായി നേരിട്ട് ബന്ധമുള്ള കാര്യം അല്ലാത്തതിനാലാണ് പീഡിപ്പിച്ചവരുടെ പേരുകള്‍ താന്‍ രേഖപ്പെടുത്താതിരുന്നതെന്നും എന്‍ വി രാജു പറഞ്ഞു.

വെബ്ദുനിയ വായിക്കുക