ഫേസ്ബുക്ക് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്; വിദ്യാര്‍ഥി പിടിയില്‍

വ്യാഴം, 9 മെയ് 2013 (16:01 IST)
PRO
PRO
ഫേസ്ബുക്കില്‍ നിന്നും പകര്‍ത്തിയ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് മൂന്നു ലക്ഷം തട്ടിയ വിദ്യാര്‍ഥി അറസ്റ്റില്‍. തിരുവനന്തപുരം ഉള്ളൂരിലെ സലാവുദ്ദീന്റെ മകന്‍ സഫിനാ(19)ണ് പിടിയിലായത്. ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വ്യാജപേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയാണ് തട്ടിപ്പ് നടത്തിയത്.

മണിപ്പാലില്‍ ബിബിഎം രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ സഫിനെതിരേ മഞ്ചേശ്വരത്തെ അബ്ദുള്‍ സുനീര്‍ മുനീര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അബ്ദുള്‍ സുനീര്‍ മുനീര്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ കോപ്പി ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു. ഫേസ്ബുക്കില്‍നിന്നും ഇതു പകര്‍ത്തിയ സഫിന്‍ വ്യാജപേരില്‍ ബാങ്ക് അക്കൗണ്ടും മൊബൈല്‍ കണക്ഷനും എടുത്തു. പഞ്ചാബ് നാഷനല്‍ ബാങ്ക് കാസര്‍കോട് ശാഖയിലും യൂക്കോ ബാങ്കിന്റെ കോഴിക്കോട് ശാഖയിലുമാണ് അക്കൗണ്ട് തുറന്നത്.

തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ വില്‍ക്കാനുണ്ടെന്ന് ഫേസ് ബുക്കില്‍ പരസ്യം നല്‍കി. ഇതുവഴി മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുത്തു. തന്റെ പേരിലുള്ള അക്കൗണ്ടിലൂടെ ഒരാള്‍ ഇടപാട് നടത്തുന്നതായി ഫേസ്ബുക്കിലൂടെ അറിഞ്ഞ അബ്ദുള്‍ സുനീര്‍ മുനീര്‍ സൈബര്‍ സെല്ലിന് പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഫിന്‍ കുടുങ്ങിയത്.

വെബ്ദുനിയ വായിക്കുക