ഫാസിലിനെ ആനന്ദും കൂട്ടരും കൊലപ്പെടുത്തി, പുറത്തിറങ്ങിയ ആനന്ദിനെ ഫാസിലിന്റെ സഹോദരും കൂട്ടരും വെട്ടിക്കൊലപ്പെടുത്തി

ചൊവ്വ, 14 നവം‌ബര്‍ 2017 (09:42 IST)
ഗുരുവായൂരിൽ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ആനന്ദ് കൊല്ലപ്പെട്ട കേസിൽ മൂന്നുപേര്‍ അറസ്റ്റിൽ. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരാണു പിടിയിലായത്. നാല് വര്‍ഷം മുന്‍പ് സിപിഐഎം പ്രവര്‍ത്തകന്‍ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായിരുന്നു കൊല്ലപ്പെട്ട ആനന്ദ്. ഫാസിലിന്റെ സഹോദരനാണ് ഇന്ന് അറസ്റ്റിലായ ഫായിസ്.
 
വീട്ടിലേക്കു പോകുംവഴി ഞായറാഴ്ച ഉച്ചയോടെയാണ് ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തിനൊപ്പം ആനന്ദ് ബൈക്കിൽ വരുമ്പോഴായിരുന്നു സംഭവം. പിന്നാലെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടശേഷം തെറിച്ചുവീണ ആനന്ദിനെ ആക്രമിക്കുകയായിരുന്നു. അക്രമം നടത്തിയതിനു ശേഷം ഇവര്‍ ബന്ധുവീടുകളില്‍ ഒളിവിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
നവംബർ നാലിനായിരുന്നു ഫാസില്‍ കൊല്ലപ്പെട്ടതിന്റെ വാർഷികം. അടുത്തിടെയാണ് ആനന്ദ് ജാമ്യത്തിലിറങ്ങിയത്. ഫാസില്‍ കൊല്ലപ്പെട്ട ദിവസം തന്നെയാണ് ആനന്ദും കൊല്ലപ്പെട്ടത്. 
 
കൊലപാതകത്തില്‍ പ്രതിഷേധിച്ചു ഗുരുവായൂര്‍, മണലൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി തിങ്കളാഴ്ച ഹർത്താൽ ആചരിച്ചിരുന്നു. ആനന്ദിന്റെ കൊലപാതകത്തെ ചൊല്ലി ബിജെപിയും സിപിഎമ്മും നേര്‍ക്കു‌നേർ പോരാടുന്ന സാഹചര്യത്തിലാണ് മൂന്നുപേരെ പൊലീസ് പിടികൂടിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍