ഫസലിനെ റെയിൽവേ ക്രോസിനു സമീപംവച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്; ബിജെപി ബന്ധം തെളിയിക്കുന്ന സുബീഷിന്റെ ഫോൺ സംഭാഷണം പുറത്ത്

ശനി, 10 ജൂണ്‍ 2017 (12:07 IST)
തലശ്ശേരി ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട സുബീഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ആർഎസ്എസ് നേതാക്കളുടെ നിർദേശപ്രകാരമാണ് താനടക്കമുള്ള നാലുപേർ ചേർന്ന് ഫസലിനെ കൊലപ്പെടുത്തിയതെന്നാണ് സംഭാഷണത്തിൽ പറയുന്നത്. 
 
സുബീഷ് പൊലീസിന് മുന്നില്‍ നല്‍കിയ കുറ്റസമ്മത മൊഴി ഇന്നലെ പുറത്തുവന്നിരുന്നു. എന്നാല്‍, ഇത് അയാളേ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും പറയിച്ചതാണെന്ന വിശദീകരണമാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സുബീഷിന്റെ ഫോൺ സംഭാഷണവും പുറത്ത് വന്നത്. ബിജെപി നേതാവുമായി നടത്തിയ സംഭാഷണത്തില്‍ ഫസലിനെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്നും ഇയാള്‍ വിശദീകരിക്കുന്നുണ്ട്. 
 
വളരെ ശ്രദ്ധയൊറ്റെയാണ് ഫസലിനെ കൊലപ്പെടുത്തിയിരിക്കുന്നത്. എന്നാലും തനിക്ക് ചെറിയ ഭയമുണ്ട്. ഫസലിനെ റെയിൽവേ സ്റ്റേഷനുസമീപത്തുവെച്ച് കൊലപ്പെടുത്തുന്നതിനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ തങ്ങളുടെ വാഹനം വരുന്നതുകണ്ട ഫസൽ ഓടി രക്ഷപെട്ടു. തുടർന്ന് റെയിൽവേ ക്രോസിനു സമീപംവച്ച് ഒരു വെട്ടുവെട്ടി. എന്നിട്ടും ഓടി രക്ഷപെട്ട ഫസലിനെ അടുത്തുള്ള വീടിനു മുന്നിലിട്ടാണ് കൊലപ്പെടുത്തിയത്.
 
കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെന്ന ഉറപ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ പേടിയില്ലെന്നും സുബീഷ് പറയുന്നു. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതിനു ശേഷം നടന്ന ഫോൺ സംഭാഷണമാണ് ഇതെന്നാണ് വ്യക്തമാകുന്നത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുബീഷിനെ ചോദ്യം ചെയ്തപ്പോഴാണ് ഫസല്‍ വധവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പുറത്തു വന്നത്. 

വെബ്ദുനിയ വായിക്കുക