ഫയിസ് വടകരയില്‍ നിര്‍മിക്കുന്നത് 16 കോടിയുടെ ബുള്ളറ്റ് പ്രൂഫ് വീട്; ഒരു തൂണിന് 50 ലക്ഷം ചെലവ്!
ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (18:19 IST)
PRO
PRO
കോടികളുടെ കള്ളക്കടത്ത് ഇടപാടുകള്‍ നടത്തിയിരുന്ന ഫയിസ് വടകരയില്‍ നിര്‍മിക്കുന്നത് 16 കോടിയുടെ വീട്. ഈ വീടിന്റെ ഒരു തൂണിന് തന്നെ 50 ലക്ഷം രൂപ ചെലവുവരും. വീടിന് ബുള്ളറ്റ് പ്രൂഫ് സംവിധാനവുമുണ്ട്. മാഹിയിലെ കോടികള്‍ വിലമതിക്കുന്ന നിലവിലെ വീടിന് പുറമെയാണ് ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള പുതിയ ആഡംബരമന്ദിരം നിര്‍മ്മിക്കുന്നത്. ഇതിനുപുറമേ നിരവധി ആഡംബരവാഹനങ്ങളും ഫയിസ് സ്വന്തമാക്കിയിരുന്നു.
തലശേരി മേഖലയില്‍ ആദ്യമായി ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കിയാണ് ഫയിസ് നാട്ടുകാരെ ആദ്യം ഞെട്ടിച്ചത്. 2008 സെപ്തംബറിലാണ് നാല്‍പ്പതു ലക്ഷത്തോളം രൂപയുടെ കാര്‍ ഫയാസ് വാങ്ങിയത്. പിന്നീട് നിരവധി ആഡംബരകാറുകള്‍ വാങ്ങിക്കൂട്ടി. ദുബായില്‍ വലിയ ബിസിനസാണ് തനിക്കെന്നാണ് ഫയിസ് പറഞ്ഞിരുന്നത്. നിരവധി ആഡംബരകാറുകളും ബൈക്കുകളും ഇയാള്‍ ഉപയോഗിച്ചിരുന്നു.
വടകരയില്‍ റെസ്‌റ്റോറന്റ് ആരംഭിച്ച ഇയാള്‍, പിന്നീട് കോഴിക്കോട്ടും കണ്ണൂരും റെസ്‌റ്റോറന്റുകള്‍ തുടങ്ങി. ഇതിനിടയിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 2006 ല്‍ വടകരയിലും പിന്നീട് മാഹിയിലും ഫയിസിന്റെ പേരില്‍ ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പള്ളൂരിലെ തറവാട്ടുവീടിന്റെ ഭാഗംവയ്പിനുശേഷം ഫയാസും കുടുംബവും മാഹി പാറാലിലെ ഈ വീട്ടിലേക്കാണ് താമസം മാറിയത്. ഇവിടെനിന്നാണ് ഫയാസിന്റെ തുടക്കം. ആറുസഹോദരങ്ങളില്‍ രണ്ടാമനായ ഫൈസലിനും ഫയിസിന്റെ ഇടപാടുകളില്‍ പങ്കുണ്ട്.