പ്രിയന്‍ ‘ആക്ഷന്‍’ പറഞ്ഞു; തോമസേട്ടന്‍ കായലില്‍ ചാടി!

ചൊവ്വ, 22 ഫെബ്രുവരി 2011 (16:49 IST)
PRO
PRO
മോഹന്‍ലാലും മമ്മൂട്ടിയും തൊട്ട് അമിഭാത് ബച്ചനും ഷാരൂഖ് ഖാനും ‘ആക്ഷന്‍’ പറഞ്ഞിട്ടുള്ള പ്രിയദര്‍ശന്‍ വരാപ്പുഴയിലാണിപ്പോള്‍. എന്തിനെന്നോ, മലയാളികളുടെ അഭിമാനസ്തംഭമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഐ‌പി‌എല്‍ ടീം ഇന്‍‌ഡി കമാന്‍ഡോസിനായി ഒരു പരസ്യചിത്രം ഒരുക്കാനാണ് പ്രിയന്‍ വരാപ്പുഴയില്‍ എത്തിയിരിക്കുന്നത്. എല്ലാം കൃത്യമായി സജ്ജീകരിച്ച ഷൂട്ടിംഗ് ലൊക്കേഷന്‍ കണ്ട് തൃപ്തിപ്പെട്ട പ്രിയന്‍ ‘ആക്ഷന്‍’ പറഞ്ഞു.

‘ആക്ഷന്‍’ കേട്ടയുടനെ, എവിടെനിന്നില്ലാതെ, വയറും കറുത്ത ശരീരത്തെ മുത്തിയ കുരിശുമാലയുമായി ഒരു മധ്യവയസ്കന്‍ ഓടിവന്ന് കായലില്‍ ചാടി. വരാപ്പുഴക്കാരന്‍ തോമസേട്ടനാണ് ഈ സീനിലെ നായകന്‍. കായലിലേക്ക് തോമസേട്ടന്‍ വലയ്ക്ക് പിന്നാലെ വീഴുമ്പോള്‍ പശ്ചാത്തലത്തില്‍ ഒരാരവം ഉയര്‍ന്നു, ‘സ്കോര്‍ എത്രയായി?’

ഇന്‍ഡി കമാന്‍ഡോസിന്റെ പരസ്യചിത്രം നിര്‍മിക്കാനുള്ള കരാര്‍ കിട്ടിയിരിക്കുന്നത് പാലക്കാട്ടുകാരനായ പ്രമുഖ പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാറിനാണ്. എന്നാല്‍, പരസ്യചിത്രം പ്രിയനെക്കൊണ്ട് ചെയ്യിക്കണമെന്ന് ശ്രീകുമാറിന് നിര്‍ബന്ധം, ശ്രീകുമാറിന്റെ നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ പുതിയ ചിത്രത്തിന്റെ തിരക്കഥാ പണികള്‍ മുഴുവനാക്കി പ്രിയന്‍ പുറപ്പെട്ടു, ചീനവലയുടെ നാടായ കൊച്ചിയിലേക്ക്.

പ്രിയന്‍ കുറച്ചുദിവസം മുമ്പേ വരേണ്ടതായിരുന്നു. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന 'അറബിയും മാധവന്‍നായരും ഒട്ടകവും' എന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാകാന്‍ അല്‍‌പം താമസിച്ചതിനെ തുടര്‍ന്ന് പരസ്യചിത്രത്തിന്റെ ഷൂട്ടിംഗും അല്‍‌പം വൈകി എന്നുമാത്രം. പ്രിയന്‍ എത്തിയതോടെ പരസ്യചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഉഷാറായി.

കൊച്ചിയുടെ ടീമിനെ, കളരിയുടെ പശ്ചാത്തലത്തിലാണ് പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്നത്. കളരിയുടെയും ക്രിക്കറ്റിന്റെയും താളം ഒന്നാണെന്ന് പ്രിയന്‍ പറയുന്നു. ക്രിക്കറ്റ് തന്നെ ഉണ്ടും ഉറങ്ങിയും ബാലകൌമാരങ്ങള്‍ ചെലവഴിച്ച പ്രിയനത് പറയുമ്പോള്‍ തെറ്റാന്‍ വഴിയില്ല. അഭൌമമായ ആ താളത്തില്‍ ലയിച്ചുനിന്നപ്പോള്‍ പാറിവന്ന പന്ത് ഒരരുക്കാക്കിയ തന്റെ കണ്ണില്‍ ഒന്നുഴിഞ്ഞ് പ്രിയന്‍ വീണ്ടും ചിത്രീകരണം തുടങ്ങി.

യുവതാരം റീമ കല്ലിങ്ങല്‍ ഈ പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നിലവിളക്കുമായി റീമ വരുന്നതാണ് ചിത്രത്തിലെ ആദ്യ സീന്‍. തുടര്‍ന്ന് കലൂര്‍ സ്റ്റേഡിയത്തിലെ പിച്ച് തെളിയുന്നു. ബാറ്റിലും പന്തിലും കളരിച്ചുവടുകളുടെ പോരാട്ടമാണ് പിന്നെ അനുഭവിക്കാനാവുക. ആകാശത്തോളം ഉയരുന്ന ആവേശം. ഈ ആവേശം ചായക്കടയിലും ബാര്‍ബര്‍ഷോപ്പിലും തെങ്ങിന്‍മുകളിലുമുള്ള ക്രിക്കറ്റ് ഭ്രാന്തന്മാര്‍ നെഞ്ചിലേറ്റുന്നു. അങ്ങനെയങ്ങനെ, പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് വരാപ്പുഴയിലെ കായല്‍ക്കരയില്‍.

വെബ്ദുനിയ വായിക്കുക