പ്രതികാരമൂർത്തിയാകാനില്ല; പഴയകാലചെയ്തികളുടെ ഫലമനുഭവിക്കേണ്ടിവന്നാൽ എൽഡിഎഫ് കുറ്റക്കാരല്ല : പിണറായി വിജയൻ

ശനി, 4 ജൂണ്‍ 2016 (19:41 IST)
വികസനത്തിന് തുരങ്കം വയ്ക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ പ്രതികാരമൂർത്തിയാകാൻ എൽ ഡി എഫ് സർക്കാരില്ലെന്നും പിണറായി വ്യക്തമാക്കി. പഴയകാലചെയ്തികളുടെ ഫലമനുഭവിക്കേണ്ടിവന്നാൽ എൽ ഡി എഫ് കുറ്റക്കാരല്ല. നിയമം നിയമത്തിന്റെ വഴിക്കുപോകും. അതിനെ പ്രതികാര നടപടിയായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ ഡി എഫിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നൽകിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
 
മുല്ലപ്പെരിയാർ വിഷയത്തിൽ എല്‍ ഡി എഫ് നിലപാടിൽ മാറ്റമുണ്ടാകില്ല. സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിച്ചായിരിക്കും തീരുമാനം എടുക്കുക. ഡാം സുരക്ഷിതമാണെന്ന അഭിപ്രായം സർക്കാരിനില്ല. അതുകൊണ്ടുതന്നെ അണക്കെട്ട് അന്താരാഷ്ട്ര സമിതിയെക്കൊണ്ട് പരിശോധിപ്പിക്കാനാണ് തീരുമാനമെന്നും പിണറായി പറഞ്ഞു.
 
വിഷയത്തില്‍ തമിഴ്നാടുമായി സംഘർഷത്തിലൂടെ പരിഹാരം കാണാന്‍ കഴിയില്ല. രണ്ട് സംസ്ഥാനങ്ങളും ഒരുമിച്ചിരുന്ന് ചർച്ച ചെയ്യേണ്ട വിഷയമാണിതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക