പൊലീസ് സേനയെ ശുദ്ധീകരിക്കും: തിരുവഞ്ചൂര്‍

തിങ്കള്‍, 21 ജനുവരി 2013 (12:34 IST)
PRO
PRO
സംസ്ഥാന പൊലീസ്‌ സേനയെ ശുദ്ധീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതിനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള 13 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്‌. 133 പേര്‍ക്കെതിരായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറഞ്ഞു.

അടൂരില്‍ ആംഡ്‌ പൊലീസ്‌ പുതിയ ബാച്ചിന്റെ പാസിംഗ്‌ ഔട്ട്‌ പരേഡില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

പൊലീസുകാര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളിലെ ശരിയും തെറ്റും പരിശോധിക്കും. വഴിവെട്ടിയ കേസും കുടുംബവഴക്കും പോലുള്ള സ്വകാര്യ പരാതികള്‍ കുറ്റകൃത്യത്തിന്റെ ഭാഗമായി കാണാനാകില്ല. ഇത്തരം കേസുകളില്‍ കോടതിയുടെ തീരുമാനത്തിന്‌ വിടും. കോടതി കുറ്റക്കാരനെന്ന്‌ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്വഭാവദൂഷ്യമുണ്ടെന്നു തെളിഞ്ഞ രണ്ടു സിഐമാരെ കഴിഞ്ഞ ദിവസം സര്‍വീസില്‍നിന്ന് പുറത്താക്കിയിരുന്നു. സ്വഭാവദൂഷ്യമുള്ള പൊലീസുകാര്‍ക്കെതിരേ നടപടിയെടുക്കുന്നതിന്റെ ഭാഗമായി ജേക്കബ് പുന്നൂസ് ഡിജിപി ആയിരുന്ന കാലത്ത് ഇത്തരക്കാരെ കണ്ടുപിടിക്കാന്‍ എഡിജിപിമാരായ ടി പി സെന്‍കുമാര്‍, ഹേമചന്ദ്രന്‍, വിന്‍സന്‍ എം പോള്‍, എം ശങ്കര റെഡ്ഡി എന്നിവര്‍ അടങ്ങിയ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സിഐമാരെ സര്‍വീസില്‍ നിന്ന് പുറത്താക്കിയത്.

തൃശൂരില്‍ ബസില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതിനും തിരുവനന്തപുരത്ത് വനിതാ കമ്മീഷനില്‍ എത്തിയ പരാതിക്കാരിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ചതുമാണ് ഇവര്‍ക്കെതിരായ കുറ്റം. സ്വഭാവദൂഷ്യമുള്ള പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കൂടാതെ മാഫിയ ബന്ധമുണ്ടെന്നു ബോധ്യപ്പെട്ട കൊല്ലത്തെ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം നല്‍കാനും തീരുമാനമായി. എഡിജിപി ടി പി സെന്‍കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചാത്തന്നൂര്‍ എസിപി സന്തോഷ്‌കുമാര്‍, കൊട്ടാരക്കര ഡിവൈഎസ്പി കെ എം ആന്റോ, പുനലൂര്‍ ഡിവൈഎസ്പി ജോണ്‍കുട്ടി എന്നിവരെ സ്ഥലം മാറ്റാനാണ് ശിപാര്‍ശ. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടുത്ത ദിവസം സ്ഥലമാറ്റ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് വിവരം.

ലഹരിക്ക് അടിമകളായ 32 പോലീസുകാരെ സര്‍വീസില്‍നിന്ന് മാറ്റിനിര്‍ത്തി ലഹരിമുക്തി നേടിയെന്ന സാക്‍ഷ്യപത്രം ഹാജരാക്കിയശേഷം സര്‍വീസില്‍ തിരിച്ചെടുക്കാനും സമിതി ശുപാര്‍ശ ചെയ്തു.

വെബ്ദുനിയ വായിക്കുക