പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും വാട്സ് ആപ് ഗ്രൂപ്പിൽ സെൻകുമാറിന് ഇടമില്ല

വ്യാഴം, 11 മെയ് 2017 (09:01 IST)
പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും പുതിയ വാട്സ് ആപ്  ഗ്രൂപ്പിൽ പൊലീസ് മേധാവി ടി പി സെൻകുമാറിന് സ്ഥാനമില്ല. ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി ടോമിൻ തച്ചങ്കരി ആരംഭിച്ച ഗ്രൂപ്പിലാണ് സെൻകുമാറിന് ഇടമില്ലാതായത്.
 
‘പിഎച്ച്ക്യൂ അഡ്മിൻ’ എന്ന ഗ്രൂപ്പില്‍ 320 മിനിസ്റ്റീരിയൽ ജീവനക്കാരെയും ഉൾപ്പെടുത്തി വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ഗ്രൂപ്പിന്റെ അഡ്മിൻ തച്ചങ്കരിയാണ്. 256 ജീവനക്കാർ ചേർന്നതോടെ ഗ്രൂപ്പ് നിറഞ്ഞു. അതോടെയാണ് രണ്ടാം ഗ്രൂപ്പ് ആരംഭിച്ചത്.
 
ഹെഡ്ക്വാർട്ടേഴ്സ് ഐജി ബൽറാം കുമാർ ഉപാധ്യായ, ഹെഡ്ക്വാർട്ടേഴ്സിലെ മൂന്ന് എഐജിമാർ എന്നിവര്‍ ഈ ഗ്രൂപ്പില്‍ ഉണ്ട്. എന്നാല്‍ ചില ഉദ്യോഗസ്ഥർ അതിൽ ചേരാൻ വിസമ്മതിച്ചിട്ടുണ്ട്. ജീവനക്കാരുമായി വേഗത്തിൽ ബന്ധപ്പെടാനും പ്രശ്നപരിഹാരത്തിനുമാണു ഗ്രൂപ്പ് ആരംഭിച്ചതെന്നാണു ജീവനക്കാരോടു തച്ചങ്കരി പറഞ്ഞത്. ജീവനക്കാരുടെ ഔദ്യോഗിക, ക്ഷേമകാര്യങ്ങൾ, പൊതുവിജ്ഞാനം എന്നിവയെക്കുറിച്ചു വാട്സ് ആപ്പിൽ സന്ദേശം അനുവദിച്ചിട്ടുണ്ട്. 
 
എന്നാല്‍ സർക്കാരിനെ വിമർശിക്കുന്നതോ വ്യക്തികളെ തേജോവധം ചെയ്യുന്നതോ അശ്ലീല ചിത്രമോ സന്ദേശമോ പാടില്ലയെന്നും നിര്‍ദ്ദേശം ഉണ്ട്. അതിനാൽ, ആസ്ഥാനത്തെ ചെറിയ കാര്യങ്ങൾ പോലും അപ്പോൾ തന്നെ അറിയുന്നതിനാണ് ഇത്തരത്തിൽ വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങിയതെന്നാണു ജീവനക്കാർ പറയുന്നത്. 

വെബ്ദുനിയ വായിക്കുക