പൊതുകുളങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി

ബുധന്‍, 22 മെയ് 2013 (18:39 IST)
PRO
PRO
എറണാകുളം ജില്ലയിലെ പഞ്ചായത്തുകളിലെ ഓരോ പൊതുകുളങ്ങള്‍ വീതം സംരക്ഷിക്കുന്നതിന് പദ്ധതി തയ്യാറായി. ജില്ലയിലെ നാലു ലോക്സഭ മണ്ഡലങ്ങളില്‍ ഉള്‍പ്പെടു 74 കുളങ്ങളെയാണ് ആദ്യഘ'ത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍പെടുത്തി ഗ്രാമീണമേഖലയിലെ പൊതുകുളങ്ങളെ സംരക്ഷിക്കുകയാണ് ലക്‍ഷ്യമെന്നും ഇതിന്റെ പ്രയോഗിക നടത്തിപ്പിനായി താന്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഉടന്‍ കത്തയക്കുമെന്നും കേന്ദ്രമന്ത്രി കെവി തോമസ് വ്യക്തമാക്കി.

അതത് ലോകസഭ മണ്ഡലങ്ങളില്‍ എംപിമാരുടെയും നിയമസഭമണ്ഡലങ്ങളില്‍ എംഎല്‍എമാരുടെയും മേല്‍നോട്ടത്തിലാകും പദ്ധതി നടത്തിപ്പ്. ജില്ല പഞ്ചായത്തിന്റെ ലോട്ടസ് ആന്‍‌ഡ് വാട്ടര്‍ ലില്ലി എന്ന പേരിലായിരിക്കും പദ്ധതി നടപ്പാക്കുക. 12 കോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ പ്രാദേശിക വികസന നിധിയില്‍ നിന്നുള്ള വിഹിതവും മഹാത്മഗാന്ധി തൊഴിലുറപ്പു പദ്ധതിയിലെ വിഹിതവും ഉപയോഗിക്കും. പദ്ധതി നടത്തിപ്പിനായി പൊതുമേഖലയുടെ സഹകരണവും തേടുമെന്ന് കേന്ദ്രഭക്‍ഷ്യമന്ത്രി കെ വി തോമസ് പറഞ്ഞു.
വെള്ളം വര്‍ഷം മുഴുവന്‍ ശുചിയായി സൂക്ഷിക്കുന്നതിനായി കുളങ്ങളില്‍ രാമച്ചം വച്ചുപിടിപ്പിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘ'ത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു പഞ്ചായത്തില്‍ ഒരു കുളമാണ് ശുചീകരിച്ച് സംരക്ഷിക്കുക. ജില്ല പഞ്ചായത്ത് പദ്ധതിയായി നടപ്പാക്കുന്ന പദ്ധതിക്കു പുറമെ കോര്‍പറേഷന്‍, മുന്‍സിപ്പല്‍ തലത്തില്‍ അതത് സ്ഥാപനങ്ങളുമായി ആലോചിച്ച് വേറെ പദ്ധതിയും നടപ്പാക്കും. നിലവില്‍ ഈരംഗത്ത് പ്രായോഗികമായുള്ള പദ്ധതികളെല്ലാം സംയോജിപ്പിച്ച് പദ്ധതി നടപ്പാക്കുകയാണ് ലക്‍ഷ്യമെന്നും കേന്ദ്രത്തില്‍ നിന്ന് ഇതിനായി പ്രത്യേകം ധനസഹായം ലഭ്യമാക്കാന്‍ ഉദ്ദേശ്യമില്ലെന്നും തോമസ് മാസ്റ്റര്‍ പറഞ്ഞു.

എറണാകുളം ലോകസഭ മണ്ഡലത്തില്‍ 18-ഉം ചാലക്കുടിയില്‍ 30-ഉം ഇടുക്കിയില്‍ 15-ഉം കോട്ടയത്ത് 11-ഉം ഉള്‍പ്പടെ 74 കുളങ്ങളാണ് ആദ്യഘട്ടത്തില്‍ സംരക്ഷിക്കുക. അവിദഗ്ധ തൊഴിലിനത്തില്‍ 1.45 കോടി രൂപയും വിദഗ്ധതൊഴില്‍ ഇനത്തില്‍ 3.41 കോടിയും സാധനസാമഗ്രികള്‍ക്കായി 6.78 കോടിയും ഉള്‍പ്പടെ 11.65 കോടി രൂപയാണ് പദ്ധതിക്കായി വരുന്ന ഏകദേശ ചെലവ്. സാധനസാമഗ്രികളുടെ ചെലവ് തൊഴിലുറപ്പു പദ്ധതിയില്‍ നിന്നു കണ്ടെത്താനാകും. ബാക്കിതുക സമാഹരിക്കാനാണ് എംപിമാര്‍, എം.എല്‍.എ.മാര്‍ എന്നിവരുടെ സഹകരണം തേടുക.

വെബ്ദുനിയ വായിക്കുക