പെരിന്തല്‍മണ്ണ ബസ്സപകടം: മരിച്ചവരുടെ സംസ്‌കാരം നടത്തി
ശനി, 7 സെപ്‌റ്റംബര്‍ 2013 (11:41 IST)
PRO
പെരിന്തല്‍മണ്ണ ബസ്സപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് കണ്ണീരോടെ വിട. പെരിന്തല്‍മണ്ണ ബസ്സപകടത്തില്‍ മരിച്ചവരുടെ സംസ്‌കാരം നടത്തി. രാവിലെ ഒമ്പതു മണിയോടു കൂടി മേല്‍ക്കുളങ്ങര എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചതിനു ശേഷമാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.
അപകടത്തില്‍ മരിച്ച ഒമ്പതുപേരുടെ സംസ്‌കാരം മേല്‍ക്കുളങ്ങര ജുമാമസ്ജിദിലും രണ്ട് പേരുടെ സംസ്‌കാരം എസ്എസി എസ്ടി ശ്മശാനത്തിലും ഒരാളുടെ സംസ്‌കാരം ഷൊറണൂര്‍ ശാന്തി കവാടത്തിലുമായിരുന്നു.
മരിച്ച 13 പേരില്‍ ഏഴ് വിദ്യാര്‍ത്ഥിനികളടക്കം 11 പേര്‍ സ്ത്രീകളാണ്. ഇന്നലെ രാത്രി 11.30 ഓടു കൂടെയാണ് മൃതദേഹങ്ങള്‍ അവരവരുടെ വീടുകളില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ കാണാന്‍ നിരവധി പേരാണ് ഇന്നലെ അര്‍ധരാത്രിയോടു കൂടി മരിച്ചരുടെ വീടുകളിലെത്തിയത്.
പെരിന്തല്‍മണ്ണയില്‍ നിന്നു മേല്‍ക്കുളങ്ങരയിലേക്ക് പോകുകയായിരുന്ന ഫ്രണ്ട്‌സ് എന്ന മിനി ബസ്സാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം പെരിന്തല്‍മണ്ണയ്ക്ക് സമീപം തേലക്കാട്ട് വെച്ച് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയിലായിരുന്ന ബസിന്റെ ടയറ് പൊട്ടി നിയന്ത്രണം വിട്ടതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.