പെണ്‍കുട്ടിയെ അപമാനിക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ശ്രമം; നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

ബുധന്‍, 30 ഒക്‌ടോബര്‍ 2013 (08:46 IST)
PRO
വൈറ്റില മൊബിലിറ്റി ഹബ്ബില്‍ യാത്രക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ ക്രൈം ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനായ സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളെ മരട് പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

ഇന്നലെ വൈകീട്ട്‌ വൈറ്റില മൊബിലിറ്റി ഹബില്‍ യുവതിയെ അപമാനിച്ച ഇയാളെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചു പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കായംകുളത്തേക്കു പോകാന്‍ ബസ്‌ കാത്തുനിന്ന യുവതിയുടെ സമീപമെത്തിയ സുരേഷ്‌ ആദ്യം അശ്‌ളീലം പറയുകയും പിന്നീട്‌ കയറിപ്പിടിക്കുകയുമായിരുന്നു.

യുവതി ബഹളം വച്ചതിനേത്തുടര്‍ന്ന്‌ മദ്യ ലഹരിയിലായിരുന്ന ഇയാള്‍ യുവതിയുടെ മുഖത്തടിച്ച ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പിടികൂടി.

പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതിനെതിന് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ചേര്‍ത്തല സ്വദേശിയായ പെണ്‍കുട്ടി വീട്ടിലേക്ക് പോകവെയായിരുന്നു സംഭവം. കായംകുളം ബസില്‍ കയറിയ യുവതിയെ ബസിന്റെ സ്റ്റെപ്പില്‍ വെച്ച് സുരേഷ് കയറിപ്പിടിക്കുകയായിരുന്നു.

കരണത്തടിച്ച പെണ്‍കുട്ടിയെ മുഖത്തടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുരേഷിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.
ഒരാഴ്‌ചയ്‌ക്കിടെ ഇതു മൂന്നാം തവണയാണ്‌ ഹബിലും പരിസരത്തുമായി സ്‌ത്രീകളെ അപമാനിച്ച സംഭവം നടക്കുന്നത്‌.

ഹബിലേക്ക്‌ ബസില്‍ വരുന്നതിനിടെ യുവതിയെ അപമാനിച്ച കേസില്‍ ബസ്‌ ഉടമയെ ഈ ആഴ്‌ച ആദ്യം അറസ്‌റ്റു ചെയ്‌തിരുന്നു. ഈ കേസിലെ ഒരു പ്രതിയെ ഇനിയും പിടികൂടാനുമുണ്ട്‌. ബസില്‍ വച്ചു നടന്ന പീഡനശ്രമത്തിന്‌ ഹബില്‍ നിന്ന്‌ ഒഡീഷ സ്വദേശിയെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തതു കഴിഞ്ഞ ദിവസമാണ്‌. ഇതിനു പിന്നാലെയാണ്‌ ഇന്നലത്തെ സംഭവം.

വെബ്ദുനിയ വായിക്കുക